സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബറില്‍; തിയതി പിന്നീടെന്ന് കമ്മീഷന്‍

Webdunia
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (15:14 IST)
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ മാസത്തില്‍ നടത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 
 
അതേസമയം, തെരഞ്ഞെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കും. ഈ സാഹചര്യത്തില്‍ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരില്ല. പുതുതായി രൂപവത്കരിച്ച മുന്‍സിപ്പാലിറ്റികളുടെയും കോര്‍പ്പറേഷന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താനുള്ള ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് നവംബറിലേക്ക് നീട്ടിയത്.
 
നവംബര്‍ ആദ്യം തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. 28 നഗരസഭകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും കൊല്ലം കോര്‍പ്പറേഷനിലും തെരഞ്ഞെടുപ്പ് നടത്തും. തെരഞ്ഞെടുപ്പ് നടത്താനുള്ള കരട് വോട്ടര്‍പട്ടിക തയ്യാറായതായും കമ്മീഷന്‍ അറിയിച്ചു. ആകെ 2.49 കോടി വോട്ടര്‍മാരാണ് ഉള്ളത്.
 
ഒറ്റ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. എന്നാല്‍, രണ്ട് ദിവസങ്ങളില്‍ ആയിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ഒന്നിടവിട്ട ജില്ലകളില്‍ രണ്ടു ദിവസങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. 
 
അതേസമയം, തെരഞ്ഞെടുപ്പ് എന്ന് നടത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍, യോഗത്തില്‍ തീരുമാനം രൂപം കൊണ്ടില്ല. ബി ജെ പിയും സി പി എമ്മും തെരഞ്ഞെടുപ്പ് മുന്നോട്ട് നീളരുതെന്ന നിലപാടില്‍ ഉറച്ചു നിന്നപ്പോള്‍ നവംബറില്‍ നടത്താമെന്നായിരുന്നു യു ഡി എഫിന്റെ നിലപാട്.