തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്‌ട്രീയ പശ്‌ചാത്തലം ചര്‍ച്ച ചെയ്യാന്‍ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് പാണക്കാട് ചേരും. അതേസമയം, ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ ഇന്ന് നിര്‍ണായക വിധി വരാനിരിക്കെ സിപിഎം സംസ്ഥാന നേതൃയോഗത്തിനും ഇന്ന് തുടക്കമാകും.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് മുസ്ലീംലീഗ് വിളിച്ചു ചെര്‍ത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ തിരിച്ചടിയും സ്വന്തം പാളയങ്ങളില്‍ ലീഗ് തകര്‍ന്നടിഞ്ഞതും ചര്‍ച്ചയാകും. സംസ്ഥാനത്തെ മാറി വന്ന രാഷ്ട്രീയ സാഹചര്യവും കോണ്‍ഗ്രസ് കാലുവാരിയതും ചര്‍ച്ചയാകും. മലപ്പുറം ജില്ലയിലെ ലീഗ് നേതാക്കളുടെ അമിത ആത്മവിശ്വാസമാണ് ചിലയിടങ്ങളിലെ തോല്‍വിക്ക് കാരണമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പുറമേ ഇ അഹമ്മദ്, പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, ഇടി മുഹമ്മദ് ബഷീര്‍, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്റെ ലഹരിയിലാണ് രണ്ടു ദിവസത്തെ സിപിഎം സംസ്ഥാന നേതൃയോഗത്തിന് ഇന്ന് തുടക്കമാകുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലുള്‍പ്പെടെ ജയിക്കാമായിരുന്ന ചിലയിടങ്ങളില്‍ പിന്നോക്കം പോയതും യോഗം വിലയിരുത്തും. ബിജെപി - എസ്എന്‍ഡിപി ബന്ധത്തിന്റെ സാധ്യതയും യോഗത്തില്‍ ചര്‍ച്ചയാകും.