ലൈറ്റ്‌ മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം നടപ്പാക്കാനാണ് തീരുമാനമെങ്കില്‍ പിന്മാറുമെന്ന് ഇ ശ്രീധരന്‍

Webdunia
ശനി, 16 മെയ് 2015 (19:12 IST)
തിരുവനന്തപുരത്തും കോഴിക്കോട്ടും നടപ്പാക്കാനുദ്ദേശിക്കുന്ന ലൈറ്റ്‌ മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം വേണമെന്ന് സര്‍ക്കാര്‍ കടുപിടുത്തം നടത്തുകയാണെങ്കില്‍ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് ഇ ശ്രീധരന്‍. ലൈറ്റ് മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിനൊട് എതിര്‍പ്പുണ്ടെന്നും അദ്ദേഹം പുറത്തുവിട്ട പത്രക്കുറിപ്പില്‍ പരയുന്നു.

നേരത്തെ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ശ്രമിച്ച മെട്രോകളില്‍ ഉണ്ടായിട്ടുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ്‌ ശ്രീധരന്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരിക്കുന്നത്‌. മാത്രമല്ല ഇങ്ങനെ പദ്ധതി നടപ്പിലാക്കിയാല്‍ മെട്രോയുടെ ടിക്കറ്റ്‌ നിരക്ക്‌ നിശ്‌ചയിക്കുന്ന കാര്യത്തില്‍പ്പോലും സ്വകാര്യകമ്പനികളുടെ മേധാവിത്വമാകും ഉണ്ടാകുകയെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തുന്നു.

സ്വകാര്യപങ്കാളിത്തമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നാല്‍ ഈ മാസം 18നു നടക്കുന്ന യോഗത്തില്‍ പദ്ധതിയില്‍ നിന്നും താന്‍ പിന്മാറുന്ന വിവരം സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.