മദ്യനയം മാറ്റുന്നുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി

വ്യാഴം, 4 ഡിസം‌ബര്‍ 2014 (14:07 IST)
മദ്യനയത്തില്‍ മാറ്റംവരുത്തുകയാണെങ്കില്‍ അക്കാര്യം അറിയിക്കണമെന്ന് ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കി. മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ വരുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ബാര്‍ ഉടമകള്‍ ഡിവിഷന്‍ ബഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനേ തുടര്‍ന്നാണ് നിര്‍ദ്ദേശം.

ബാര്‍ കേസിലെ അപ്പീലുകള്‍ പരിഗണിക്കുന്ന ഈമാസം പത്തിനകം മാറ്റങ്ങള്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ നിലവിലുള്ള നയത്തിന്റെ അടിസ്ഥാനത്തില്‍ അപ്പീലുകളില്‍ വാദം തുടരുന്നതില്‍ കാര്യമില്ലെന്ന് ഹൈക്കോടതി നീരീക്ഷിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാരും ബാര്‍ ഉടമകളും നല്‍കിയ അപ്പീലുകള്‍ പരിഗണിക്കവേയാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.ബാര്‍കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനാണ് കേസ് ഈ മാസം പത്തിലേക്ക് മാറ്റിയത്.

ജസ്റ്റിസ് കെ ടി ശങ്കരന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനു വിരുദ്ധമായി ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും ഹെറിറ്റേജ് ഹോട്ടല്‍ ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേയാണു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഫോര്‍ സ്റ്റാറിനു താഴെയുള്ള ബാറുകള്‍ക്ക് അനുമതി നിഷേധിച്ചതിനെതിരേയാണു ബാര്‍ ഉടമകളുടെ അപ്പീല്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക