യുഡിഎഫുമായി തെറ്റിപ്പിരിയുന്നവര്‍ സംഘപരിവാറിന്റെ തൊഴുത്തില്‍ ചെന്നുപെടാതിരിക്കാന്‍ ശ്രദ്ധിക്കണം: കോടിയേരി

Webdunia
വെള്ളി, 12 ഓഗസ്റ്റ് 2016 (11:54 IST)
യു ഡി എഫ് വിട്ട് നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കാകാനുള്ള കേരള കോണ്‍ഗ്രസിന്റെ ചരല്‍ക്കുന്ന് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ ഇരുമുന്നണികളോടും സമദൂരം പാലിക്കുകയെന്ന കേരള കോണ്‍ഗ്രസ്(എം) നിലപാട് യുക്തിരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
 
യു ഡി എഫിന്റെ തകര്‍ച്ചയുടെ ഗുണഭോക്താക്കളാകാന്‍ ബി ജെ പിയെ അനുവദിക്കരുത്. യു ഡി എഫുമായി തെറ്റിപ്പിരിയുന്നവര്‍ സംഘപരിവാറിന്റെ തൊഴുത്തില്‍ ചെന്നുപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. യു ഡി എഫിലെ ഭിന്നതയും കലാപവും രാഷ്ടീയമായി ഉപയോഗപ്പെടുത്തും. ഇതിന് ആവശ്യമായ അടവും സമീപനവും സി പി എമ്മും എല്‍ ഡി എഫും സ്വീകരിക്കുമെന്നും പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
 
കേരളത്തിലെ മുഖ്യ രാഷ്ടീയ ശക്തികള്‍ എല്‍ ഡി എഫും യു ഡി എഫുമാണ്. യു ഡി എഫ് എന്ന പൊളിഞ്ഞകപ്പല്‍ ഉപേക്ഷിക്കാനുള്ള കേരള കോണ്‍ഗ്രസ്(എം) തീരുമാനം കോണ്‍ഗ്രസിന് കനത്ത അഘാതമാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. സമദൂരമെന്നത് എന്‍ ഡി എയിലേക്ക് ചേക്കേറാനുള്ള കേരള കോണ്‍ഗ്രസിന്റെ സൂത്രമാണെങ്കില്‍, അതിന് വാലുപോയ കുരങ്ങന്റെ ന്യായങ്ങളേക്കാള്‍ വലിയ പ്രസക്തിയില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article