കോൺഗ്രസിന് ആരുടേയും ഔദാര്യം വേണ്ട; സംയുക്ത സമരമെന്ന ആവശ്യം വീണ്ടും തള്ളി വി എം സുധീരൻ

ചൊവ്വ, 22 നവം‌ബര്‍ 2016 (12:39 IST)
സഹകരണ മേഖലയിലെ ബാങ്ക് പ്രതിസന്ധിയില്‍ സംയുക്ത സമരമെന്ന ആവശ്യം വീണ്ടും തള്ളി കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ‍ രംഗത്ത്. സംയുക്ത സമരത്തിന്റെ ആവശ്യകത ഇപ്പോഴില്ല. കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ കോണ്‍ഗ്രസിന് ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും ബിജെപിക്കും സിപിഎമ്മിനും എതിരായാണു സമരമെന്നും അദ്ദേഹം പറഞ്ഞു.  
 
കേന്ദ്രസര്‍ക്കാര്‍ ചെയ്തത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ്. സര്‍ക്കാരും പ്രതിപക്ഷവും കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി പോകണം. സഹകരണ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ ഏത് തീരുമാനത്തിലും പ്രതിപക്ഷം പങ്കു ചേരുമെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ഇടതുമുന്നണിയുമായി തങ്ങള്‍ക്കും തങ്ങളോട് ഇടതുമുന്നണിക്കും അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍, എല്ലാ താല്പര്യങ്ങളും മാറ്റിവെച്ച് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കുന്നത് നാടിനു വേണ്ടിയാണെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ദയില്‍പ്പെടുത്തിയപ്പോഴായിരുന്നു സുധീരന്റെ പ്രതികരണം.

വെബ്ദുനിയ വായിക്കുക