മാണിയുടെ രാജി: എല്‍ഡിഎഫ് നിയമസഭ മാര്‍ച്ച് ആരംഭിച്ചു

Webdunia
തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (11:50 IST)
ബാർ കോഴ വിവാദത്തിൽ കുടുങ്ങിയ ധനമന്ത്രി കെഎം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള എല്‍ഡിഎഫ് നിയമസഭ മാര്‍ച്ച് ആരംഭിച്ചു. സിപിഎമ്മും സിപിഐയും സംയുക്തമായാണ് മാര്‍ച്ചില്‍ അണിനിരക്കുന്നത്. നിയമസഭ സമ്മേളനം ബഹിഷ്ക്കരിച്ച എംഎല്‍എമാര്‍ പാളയത്തെ നിരത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയ ശേഷമാണ് നിയമസഭ മാര്‍ച്ച് ആരംഭിച്ചത്.

കെഎം മാണി രാജിവയ്ക്കുക, മാണിയെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിയമസഭ മാര്‍ച്ച് നടക്കുന്നത്. പല ഭാഗങ്ങളില്‍ നിന്നായി വരുന്ന ജാഥകള്‍ ഉടന്‍ തന്നെ ഒന്നായി തീരും. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ധനമന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭ മാര്‍ച്ചില്‍ അണി നിരന്നത്. ജാഥകള്‍ ഒന്നായ ശേഷം നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രസംഗം നടത്താനാണ് സാധ്യത.
നേരത്തെ ബാർ കോഴ വിവാദത്തിൽ കുടുങ്ങിയ ധനമന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു.

രാവിലെ സഭ സമ്മേളിച്ചപ്പോൾ കെഎം മാണി രാജിവയ്ക്കുക, മാണിയെ പുറത്താക്കുക എന്നിങ്ങനെ എഴുതിയ ബാനറുകളും പ്ളക്കാർഡുകളും ഉയർത്തി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. ചോദ്യോത്തര വേളക്ക് മുമ്പ് അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും. ഈ സാഹചര്യത്തില്‍ അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ്  പ്രതിപക്ഷം സഭയില്‍ ബഹളം വെക്കുകയും ഇറങ്ങി പോകുകയും ചെയ്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.