പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭ നാളെ അധികാരം ഏല്‍ക്കുന്നതോടെ ഉദ്യോഗസ്ഥതലം മുതല്‍ സംസ്ഥാന പൊലീസ് സേനയില്‍ വരെ അഴിച്ചുപണിയുണ്ടാകുമെന്ന് വ്യക്തമായി. ചീഫ് സെക്രട്ടറിയേയും ഡിജിപി ടിപി സെന്‍കുമാറിനും സ്ഥാനചലനം ഉണ്ടായേക്കില്ല. അതേസമയം വിജിലന്‍സില്‍ അഴിച്ചുപണി ഉറപ്പാണ്.
സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് പിന്നാലെ പെരുമ്പാവൂരിലെ ജിഷ കൊലക്കേസ് അന്വേഷിക്കാന്‍ പുതിയ ടീം ഉണ്ടാകുമെന്ന് വ്യക്തമായി. വനിത എപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള ടീമിനെയാണ് അന്വേഷണത്തിന്റെ ചുമതല ഏല്‍പ്പിക്കുക. സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തില്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കും. അതേസമയം, കേസിന്റെ പ്രാഥമിക ഘട്ടത്തിലെ അന്വേഷണത്തില്‍ അലംഭാവം വരുത്തുകയും തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്‌ച വരുത്തുകയും ചെയ്‌ത കുറുപ്പംപടി എസ്ഐക്ക് നേരെ നിയമനടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമായി.
കറയില്ലാത്ത പൊലീസ് മേധാവിയെന്ന പേര് ടിപി സെന്‍കുമാറിനുണ്ടെങ്കിലും എല്‍ഡിഎഫിന് അദ്ദേഹത്തെ അത്ര പ്രീയമില്ല. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പൊലീസ് മേധാവിയെ മാറ്റുന്ന രീതി ഇടതുമുന്നണിക്ക് ഇല്ലാത്തതിനാല്‍ സെന്‍കുമാര്‍ തല്‍ക്കാലത്തേക്ക് രക്ഷപെടും. എന്നാല്‍ സേനയില്‍ താഴോട്ടുള്ള സ്ഥാനങ്ങളില്‍ ഇളക്കി പ്രതിഷ്‌ട ഉണ്ടാകുമെന്ന് ഉറപ്പാണ്. വിജിലന്‍സിലാകും കൂടുതല്‍ അഴിച്ചു പണികള്‍ ഉണ്ടാകുക. തലപ്പത്ത് നിന്നു തന്നെ മാറ്റം ആരിഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാഷ്‌ട്രീയപരമായി ഇളക്കി പ്രതിഷ്‌ട നടത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. ആരോപണങ്ങള്‍ നേരിടുന്നവരെയും വിവാദങ്ങളില്‍ പെട്ടവരെയും ഇളക്കി പ്രതിഷ്‌ടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുക. ഉദ്യോഗതലത്തിലുള്ള മാറ്റങ്ങളും ഇതേ അടിസ്ഥാനത്തില്‍ ആയിരിക്കും.