ഇടതിനൊപ്പം വീരേന്ദ്രകുമാറും ബാലകൃഷ്ണപിള്ളയും; നാല് കക്ഷികളെ കൂടി ഉൾപ്പെടുത്തി എൽഎഡിഎഫ് വിപുലീകരിച്ചു
ബുധന്‍, 26 ഡിസംബര്‍ 2018 (13:21 IST)
നാല് കക്ഷികളെക്കൂടി ഉൾപ്പെടുത്തി ഇടത് മുന്നണി വിപുലീകരിച്ചു. ഇന്ന് ചേർന്ന എൽഡിഎഫ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
കേരളാ കോൺഗ്രസ് (ബി), എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക്താന്ത്രിക് ദൾ, ഐഎൻഎൽ, ജനാധിപത്യ കേരളാ കോൺഗ്രസ് എന്നീ പാർട്ടികളാണ് ഇനി എൽഡിഎഫിന്റെ ഭാഗമാകുക. ഇതിനൊപ്പം സികെ ജാനുവിന്റേതടക്കമുള്ള ചില പാർട്ടികളുമായി സഹകരിക്കാനും യോഗം തീരുമാനിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നണിയെ ശക്തിപ്പെടുത്താന്‍ മുന്നണി വിപുലീകരണം അനിവാര്യമാണന്നാണ് എൽഡിഎഫിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് മുന്നണി വിപുലീകരിക്കാൻ തീരുമാനമായത്.
ഇടത് മുന്നണി വിപുലീകരിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി നാല് കക്ഷികളും വ്യക്തമാക്കി.
അതേസമയം, കേരളീയ സമൂഹത്തെ വർഗീയ വത്കരിക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ആരോപിച്ചു.