ശബരിമലയെ ചൊല്ലി യുഡിഎഫില്‍ തമ്മിലടി; നേട്ടം ബിജെപി കൊണ്ടു പോയെന്ന് - ചെന്നിത്തലയും മുല്ലപ്പള്ളിയും നേര്‍ക്കുനേര്‍!
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (14:31 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ യുഡിഎഫിലും കല്ലുകടി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യത്യസ്ഥ നിലപാട് സ്വീകരിക്കുന്നതാണ് തിരിച്ചടിയാകുന്നത്.
വിശ്വാസികള്‍ക്ക് ഒപ്പമെന്ന പേരില്‍ നടത്തിയ പ്രതിഷേധം ഫലം കണ്ടില്ലെന്ന് വിലയിരുത്തലിലേക്ക് യുഡിഎഫ് നീങ്ങുന്നത്. പാര്‍ട്ടി നിലപാട് പൊതുസമൂഹത്തില്‍ എത്തിയില്ലെന്നും നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്നുമാണ് രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായമുണ്ടായത്.
വിശ്വാസികള്‍ക്ക് ഒപ്പം നിന്ന് പ്രത്യക്ഷസമരത്തിനിറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയപ്പോള്‍ കൊടിപിടിച്ച് സമരത്തിനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷനേതാവ്. ഇതോടെ ശബരിമല വിഷയത്തില്‍ യു ഡി എഫില്‍ എതിരഭിപ്രായം ശക്തമായി.
ശബരിമലയില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഒരു ഘട്ടത്തിലും സാധിച്ചില്ലെന്നും യുഡിഎഫില്‍ സംസാരമുണ്ട്. പദയാത്ര ഉള്‍പ്പെടെ പ്രത്യക്ഷ സമരമാരംഭിക്കണമെന്ന് മുല്ലപ്പള്ളി വാശി പിറ്റിക്കുമ്പോള്‍ ഈ നീക്കം ഭാവിയില്‍ തിരിച്ചടിയാകുമെന്ന് ചെന്നിത്തല ഉറച്ചു വിശ്വസിക്കുന്നു. കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ അടക്കമുള്ള ഒരു വിഭാഗം പേരും സമാന അഭിപ്രായം വെച്ചു പുലര്‍ത്തുന്നവരാണ്.
പ്രത്യക്ഷസമരം വേണ്ടെന്ന് ചെന്നിത്തല വാദിക്കുമ്പോള്‍ തുറന്ന സമരം വേണമെന്ന് മുല്ലപ്പള്ളി വാദിക്കാന്‍ നിരവദി കാരണങ്ങളുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ലഭിച്ച അവസരം മുതലെടുക്കുക എന്നതാണ് മുല്ലപ്പള്ളിയുടെ ലക്ഷ്യം. വരാനിരിക്കുന്ന ലോക്‍സഭ തെരഞ്ഞെടുപ്പും അദ്ദേഹം ലക്ഷ്യം വെക്കുന്നുണ്ട്.
സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും അത് അനുവദിക്കില്ലെന്ന് ബിജെപിയും വാദിക്കുമ്പോള്‍ ഇരുവര്‍ക്കുമിടെയില്‍ വ്യക്തമായ നിലപാടില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസും യു ഡി എഫും ഉള്ളത്. ശബരിമല സ്‌ത്രീ പ്രവേശനത്തെ കേന്ദ്ര നേതൃത്വം സ്വാഗതം ചെയ്‌തതും ചെന്നിത്തലയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.