സികെ ജാനു ഇടത്തോട്ട് തിരിഞ്ഞു; സര്‍ക്കാരിന് ഒരു ലക്ഷ്യം മാത്രം - നഷ്‌ടങ്ങളുമായി ബിജെപി

ബുധന്‍, 28 നവം‌ബര്‍ 2018 (16:26 IST)
രാഷ്‌ട്രീയ കേരളത്തില്‍ സംഭവവികാസങ്ങളുടെ പരമ്പരയാണ് നടന്നു കൊണ്ടിരിക്കുന്നത്. ശബരിമല വിഷയം ആളിക്കത്തിക്കാനുള്ള ബിജെപിയുടെ ശ്രമവും, സര്‍ക്കാരിനെ എങ്ങനെയെങ്കിലും പ്രതിരോധിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിനും കരുത്ത് ചോര്‍ന്നു.

ഈ സംഭവവികാസങ്ങള്‍ക്കിടെയാണ് ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജ് നിയമസഭയില്‍ ബിജെപിക്കൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചത്. ഇടതു പക്ഷത്തിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ ആരോപണമാണ് പിസി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്.

ജോര്‍ജിനെ താല്‍ക്കാലികമായി ഒപ്പം നിര്‍ത്താന്‍ സാധിച്ചപ്പോള്‍ കൈയിലുള്ളത് നഷ്‌ടമായ അവസ്ഥയാണ് ബിജെപിക്ക്. സികെ ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്‌ട്രീയ സഭ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് തിരിഞ്ഞതാണ് എന്‍ഡിഎയ്‌ക്ക് തിരിച്ചടിയായത്.

വാഗ്ദാനങ്ങള്‍ പാലിക്കാത്തതും മതിയായ പരിഗണന നല്‍കാത്തതുമാണ് ജനാധിപത്യ രാഷ്ട്രീയ സഭയെ ബിജെപിയില്‍ നിന്നും അകറ്റിയത്. സമാനമായ പ്രതിസന്ധിയാണ് ബിഡിജെഎസും വെച്ചു പുലര്‍ത്തുന്നത്. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ എന്‍ഡിഎ വിടാന്‍ ബിഡിജെഎസ് തയ്യാറാകില്ലെങ്കിലും ഈ ബന്ധം അധികം നാള്‍ മുന്നോട്ട് പോകില്ലെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, എൽഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ജനാധിപത്യ രാഷ്ട്രീയ സഭയുടെ തീരുമാനം. സികെ ജാനുവിനെ ഒപ്പം നിര്‍ത്തുന്നത് ഗുണം ചെയ്യുമെന്ന ധാരണയുള്ളതിനാലാണ് മന്ത്രി എകെ ബാലൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവര്‍ അവരുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തിയത്.

ചര്‍ച്ചകള്‍ക്കായി ഡിസംബര്‍ മൂന്നിന് സിപിഎം നേതൃത്വം എകെജി സെന്ററിലേക്ക് സികെ ജാനുവിനെ ക്ഷണിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്‌ചയില്‍ പ്രധാന കാര്യങ്ങള്‍ ചര്‍ച്ചയാകും. ശബരിമല പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സമുദായ സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് അവര്‍ വ്യക്തമാക്കിയത് രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്.

നവോത്ഥാന പാരമ്പര്യമുള്ള സംഘടനകള്‍ ഒന്നിച്ചു നിൽക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. യോഗത്തിലെ അജണ്ടയും അതു തന്നെയാണ്. കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പികെ സജീവ് തുടങ്ങിയവരെ ഈ യോഗത്തിലേക്ക് ക്ഷണിച്ചതും അതിന്റെ ഭാഗമായിട്ടാണ്.

ശബരിമല വിഷയത്തില്‍ ജനകീയമായ ഇടപെടലുകള്‍ക്ക് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകള്‍ക്ക് സാധിക്കുമെന്ന് എല്‍ ഡി എഫും പിണാറായി വിജയനും വിശ്വസിക്കുന്നുണ്ട്. എതിര്‍പ്പുമായി രംഗത്തുള്ള
എന്‍എസ്എസിനെ കരുതലോടെ നേരിടുകയെന്ന തന്ത്രവുമാണ് സര്‍ക്കാരിനുള്ളത്. ഈ സാഹചര്യത്തില്‍ സികെ ജാനുവിനെ ഒപ്പം നിര്‍ത്തുന്നത് ഗുണകരമാകുമെന്ന് സര്‍ക്കാരിനും പാര്‍ട്ടിക്കും വ്യക്തമായി അറിയാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍