ലോ അക്കാദമി സമരത്തിനു നേരെ ലാത്തിച്ചാര്‍ജ്; നാളെ ബിജെപി ഹർത്താല്‍

Webdunia
ചൊവ്വ, 31 ജനുവരി 2017 (17:14 IST)
ലോ അക്കാദമി വിഷയത്തിൽ സമരം ചെയ്ത ബിജെപി പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബുധനാഴ്ച തലസ്ഥാന ജില്ലയിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചത്. ഇവർക്കു നേരെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.

അതേസമയം, പ്രിൻസിപ്പൽ സ്ഥാനം ലക്ഷ്മി നായർ ഒഴിഞ്ഞതായി എസ് എഫ് ഐ വ്യക്തമാക്കി. രേഖാമൂലം ലക്ഷ്മി നായർ സ്ഥാനം ഒഴിയുന്നുവെന്ന് എഴുതി നൽകിയെന്നും എസ് എഫ് ഐ വ്യക്തമാക്കി. ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും അഞ്ച് വർഷത്തേക്ക് മാറ്റി നിർത്തും. പ്രിൻസിപ്പൽ സ്ഥാനം ഒഴിയുന്നതിനോടൊപ്പം, അധ്യാപികയായും താൻ തുടരില്ലെന്നും ലക്ഷ്മി നായർ വ്യക്തമാക്കി.

എസ്എഫ്ഐ മുന്നോട്ട് വെച്ച ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചുവെന്നും ഇതിനാൽ സമരം അവസാനിപ്പിക്കുകയാണെന്നും എസ്എഫ്ഐ നേതാക്കൾ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
Next Article