കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ഏറെ കൊട്ടിഘോഷിച്ച ലോ അക്കാദമി സമരത്തിന്റെ ആവശ്യങ്ങളൊന്നും ഒരു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല. ജാതി വിവേചനത്തിനും മാനസികപീഡനത്തിനുമെതിരെ വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റുകയെന്ന ആവശ്യം മാത്രമാണ് നടപ്പായത്. സമരം ഏറ്റെടുത്ത ബി.ജെ.പി.യും കോണ്‍ഗ്രസും സര്‍ക്കാരിന്റെ ഭൂമി തിരിച്ചുപിടിക്കണമെന്ന നിലപാടിലായിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ ആവശ്യങ്ങളിന്മേലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
സര്‍ക്കാര്‍ സെക്രട്ടറിമാരെയും മന്ത്രിമാരെയും ഉള്‍പ്പെടുത്തി ഒരു സൊസൈറ്റി രൂപീകരിച്ച് നേടിയ സര്‍ക്കാര്‍ ഭൂമിയില്‍ സ്വാശ്രയ കോളേജായാണ് ലോ അക്കാദമി ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഈ സ്ഥാപനം ഒരു കുടുംബത്തിന്റെ മാത്രമായി മാറുകയായിരുന്നു. ഇതുതന്നെയായിരുന്നു സമരത്തിന്റെ കേന്ദ്രബിന്ദുവായി നിന്നത്. എന്നാല്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റി കോളേജ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സമരത്തിന്റെ ആവശ്യങ്ങളെല്ലാം മറന്ന അവസ്ഥയാണുണ്ടായത്. 2017 ജനുവരി 11-ന് തുടങ്ങിയ സമരം 29 ദിവസം നീണ്ടുനിന്നു.
കോളേജിനായി സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ഹോട്ടല്‍ നടത്തുക, ബാങ്കിന് വാടകയ്ക്കു നല്‍കുക എന്നിങ്ങനെയുള്ള ആരോപണങ്ങളും ഇതിനിടെ ഉയര്‍ന്നു. മാത്രമല്ല ഭൂമി കൈയേറ്റമുണ്ടായെന്ന ആക്ഷേപവും വന്നു. തുടര്‍ന്ന് ജില്ലാ കളക്ടറും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയും അന്വേഷിക്കുകയും ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ട് അവര്‍ സമര്‍പ്പിക്കുകയും ചെയ്തു. ലോ കോളേജിന്റെ പ്രവേശനകവാടം തൊട്ടടുത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ സ്ഥലം കൈയേറിയതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അതിടിച്ച് കളയുക മാത്രമാണ് റവന്യൂ വകുപ്പ് ചെയ്തത്.