കുവൈറ്റ് ദുരന്തത്തില്‍ മരണപ്പെട്ട രണ്ടുപേരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല; ഡിഎന്‍എ ടെസ്റ്റ് നടത്തും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 14 ജൂണ്‍ 2024 (17:23 IST)
കുവൈറ്റ് ദുരന്തത്തില്‍ മരണപ്പെട്ട രണ്ടുപേരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ഇതിനായി ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്നും നോര്‍ക്ക സിഇഒ അറിയിച്ചു. ആശുപത്രികളിലുണ്ടായിരുന്ന 57 പേരില്‍ 12 പേര്‍ ഡിസ്ചാര്‍ജായിട്ടുണ്ട്. ഇതില്‍ അഞ്ചുപേര്‍ മലയാളികളാണ്. അതേസമയം ഏഴുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം കുവൈറ്റ് ദുരന്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സ്ഥിരീകരിച്ചു. കുവൈറ്റ് അഗ്നിരക്ഷാ സേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുലര്‍ച്ചെ നാലരയോടെ തീ പിടിക്കുമ്പോള്‍ ക്യാമ്ബിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. തീപിടുത്തത്തിനു പിന്നാലെ വ്യാപിച്ച പുക ശ്വസിച്ചതാണ് മരണ സംഖ്യ കൂടാന്‍ കാരണമായത്. 
 
രണ്ടുപേര്‍ മാത്രമാണ് പൊള്ളലേറ്റ് മരണപ്പെട്ടത്. ബാക്കിയുള്ളവര്‍ പുക ശ്വസിച്ചാണ് മരിച്ചത്. ഫ്ളാറ്റില്‍ മുറികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ വേഗത്തില്‍ കത്തിയത് വലിയ തോതില്‍ പുക ഉയരാന്‍ കാരണമായി. ഈ പുക അതിവേഗം മുകള്‍നിലയിലേക്ക് പടര്‍ന്നു. ആറുനില കെട്ടിടത്തില്‍ 24 ഫ്ലാറ്റുകളിലെ 72 മുറികളിലായി 196പേരാണ് താമസിച്ചത്. ഇതില്‍ 20പേര്‍ നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ 176പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍