പ്രവാസ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുവൈറ്റില്‍ മരിച്ച മലയാളികളുള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി ഇങ്ങനെ ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മു9കരുതലുകള്‍ അത്യാവശ്യമാണ്. കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികളെന്നും അദ്ദേഹം പറഞ്ഞു.
'ജീവിതത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ് പ്രവാസികള്‍. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. പ്രവാസികളുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഉറ്റവര്‍ക്ക് താങ്ങാവുന്നതിലും അധികമാണ് ഈ ദുരിതം. പ്രവാസ ലോകം കണ്ട വലിയ ദുരന്തമാണിത്,'മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ കുവൈറ്റ് സര്‍ക്കാരും ശ്രദ്ധിക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം കുവൈത്ത് സര്‍ക്കാര്‍ നല്‍കുമെന്നാണ് കരുതുന്നത്. കേന്ദ്ര സര്‍ക്കാരും ഫലപ്രദമായ ഇടപെടല്‍ നടത്തണം. വിവാദങ്ങള്‍ക്ക് ഇപ്പോള്‍ സമയമില്ല. കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശരിയായി ഇടപെട്ടു. കുവൈത്ത് സര്‍ക്കാരും ഫലപ്രദമായി ഇടപെടല്‍ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.