കെ എംമാണിക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. കെ എം മാണിയെ ഒറ്റപ്പെടുത്തി വേട്ടയാടുന്നത് രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നേതാക്കള്‍ കേസില്‍ ഉള്‍പ്പെടുന്നത് പുതിയ കാര്യമല്ലെ. എത്രയോ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാണിക്കെതിരായ കേസ് അദ്ദേഹവുമായുള്ള രാഷ്ട്രീയ ബന്ധുത്വത്തിന് തടസമല്ല. പതിനായിരക്കണക്കിന് പ്രവര്‍ത്തകരുള്ള വലിയൊരു പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. കേരളാ കോണ്‍ഗ്രസുമായുള്ള ബാന്ധവം അവരുടെ രാഷ്ട്രീയ നിലപാടുകള്‍ നോക്കിയാണ് തീരുമാനിക്കുന്നതെന്നും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കവെ കുമ്മനം കൂട്ടിച്ചേര്‍ത്തു.
കെ എം മാണി യുഡിഎഫ് വിട്ട വേളയില്‍ മാണിക്കായി ബിജെപിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണെന്നായിരുന്നു കുമ്മനം പ്രതികരിച്ചത്. ബാര്‍കോഴ കേസ് തുടരുന്നതിനാല്‍ മാണിയെ മുന്നണിയില്‍ എടുക്കുന്നതിനോട് എല്‍ഡിഎഫിന് വലിയ താല്പര്യമില്ല. ഈ ഒരു സാഹചര്യത്തിലാണ് മാണിയെ ഒപ്പം കൂട്ടാനുള്ള താത്പര്യം കുമ്മനം വീണ്ടും പ്രകടിപ്പിച്ചത്.