കുമ്മനം എന്തിനാണ് മോദിക്കൊപ്പം മെട്രോയില്‍ കയറിയത് ?; ഇതാണ് അതിനുള്ള കാരണം ...

Webdunia
ശനി, 17 ജൂണ്‍ 2017 (16:40 IST)
കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മെട്രോയിൽ കയറിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ പ്രതിഷേധം ശക്തമായിരിക്കെ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് രംഗത്ത്.

കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനുമതിയോടെയാണ്. അതെല്ലാം തീരുമാനിക്കപ്പെട്ടതാണ്. ഇക്കാര്യത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ നോക്കേണ്ടതില്ല. ചടങ്ങിന് എത്തിയ പ്രധാനമന്ത്രി സന്തോഷവാനായിരുന്നുവെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.

മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ താന്‍ ഉണ്ടാകില്ല. എംഡി സ്ഥാനത്ത് ഇനി തുടരില്ല, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ് നല്ലത്. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിവുള്ളവര്‍ പുതുതലമുറയിലുണ്ടെന്നും ഏലിയാസ് ജോര്‍ജ്  അറിയിച്ചു.



മെട്രോയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യവും അഭിമാനവുമുണ്ട്.  പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ തന്നെ ഇനിയും മുന്നോട്ട് പോകും. നിരവധിപേരുടെ അധ്വാനത്തിന്റെ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ഏലിയാസ് ജോര്‍ജ് വ്യക്തമാക്കി.

തിങ്കളാഴ്ച മുതൽ മെട്രോ ജനങ്ങളുടേതാണ്. അവരെ വളരെയധികം ബുദ്ധിമുട്ടിക്കേണ്ടി വന്നിട്ടുണ്ട്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഏലിയാസ് ജോർജ് കൂട്ടിച്ചേര്‍ത്തു.
Next Article