കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും

Webdunia
ചൊവ്വ, 15 ഡിസം‌ബര്‍ 2015 (10:48 IST)
ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനായേക്കും. ഇന്ന് വൈകുന്നേരം ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.
 
ആര്‍ എസ് എസ് മുഖപത്രം ഓര്‍ഗനൈസറിന്‍റെ മുന്‍ പത്രാധിപരായ ആര്‍ ബാലശങ്കറിന്റെ പേര് നേരത്തെ സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ചില എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എസ് എന്‍ ഡി പി - ബി ജെ പി ബന്ധത്തിന് മുന്‍കൈ എടുത്ത ആള്‍, എന്‍ എസ് എസുമായി നല്ല ബന്ധം എന്നിവയാണ് കുമ്മനം രാജശേഖരന് മുതല്‍ക്കൂട്ടായത്.
 
സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃയോഗം ബുധനാഴ്ചയാണ് ചേരുന്നത്.ഇതിനു മുന്നോടിയായാണ്, അമിത് ഷാ കുമ്മനത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. രാവിലെയുള്ള വിമാനത്തില്‍ കുമ്മനം ഡല്‍ഹിയിലേക്ക് പോയി.
 
ഡല്‍ഹിയില്‍ ബുധനാഴ്ച നടക്കുന്ന ബി ജെ പി നേതാക്കളുടെ യോഗത്തില്‍ കുമ്മനം പങ്കെടുക്കും. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കുമ്മനം കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, ആര്‍എസ്.എസ് മുഖപത്രം ഓര്‍ഗനൈസറിന്‍റെ മുന്‍ പത്രാധിപരായ ആര്‍ ബാലശങ്കറിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുവന്നിട്ടുണ്ട്.