എംകെ ദാമോദരനെ മാറ്റണമെന്ന ആവശ്യവുമായി കുമ്മനം രാജശേഖരന്‍: ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കി

Webdunia
തിങ്കള്‍, 18 ജൂലൈ 2016 (15:57 IST)
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമ്മര്‍പ്പിച്ചു. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് വന്‍ വിവാദമായിരുന്നു. തുടര്‍ന്നാണ് കുമ്മനം ഹൈക്കോടതിയില്‍ ഹര്‍ജി സമ്മര്‍പ്പിച്ചത്.  
 
അതേസമയം, എംകെ ദാമോദരന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി തുടരുന്നതില്‍ അതൃപ്തിയുമായി സിപിഐയും രംഗത്തെത്തിയിട്ടുണ്ട്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എംകെ ദാമോദരന്‍ ഹാജരായ നടപടി മുന്നണിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയെന്നും എംകെ ദാമോദരനെ ഇനിയും സംരക്ഷിക്കുന്നത് മുന്നണിക്ക് അപകടമാണെന്ന നിലപാടിലാണ് സിപിഐ. ആ അതൃപ്തി നാളെ എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കും.
 
എന്‍ഫൊഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ ഹാജരായത്. തുടര്‍ന്ന് മാര്‍ട്ടിന് വേണ്ടി എംകെ ദാമോദരന്‍ ഹാജരായതിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു. എന്തെങ്കിലും പ്രതിഫലം പറ്റിയിട്ടല്ല അദ്ദേഹം ഉപദേശക സ്ഥാനത്തിരിക്കുന്നതെന്നും ഏതെങ്കിലും കേസ് എടുക്കുന്നതിന് എം കെ ദാമോദരന് ഒരുതരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നും പിണറായി വിശദീകരിച്ചിരുന്നു.  
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article