ഇന്ത്യന്‍ ഭരണഘടനയേയും നീതി പീഠത്തേയും പൊതുയോഗത്തില്‍ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാന്‍ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പാടില്ലെന്ന് കുമ്മനം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 ജൂലൈ 2022 (18:13 IST)
ഇന്ത്യന്‍ ഭരണഘടനയേയും നീതി പീഠത്തേയും പൊതുയോഗത്തില്‍ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാന്‍ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പാടില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-
 
ഇന്ത്യന്‍ ഭരണഘടനയേയും നീതി പീഠത്തേയും പൊതുയോഗത്തില്‍ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാന്‍ ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പാടില്ല. ഭരണഘടനയെ തൊട്ട് അധികാരത്തിലേറിയ മന്ത്രിക്ക് ചെയ്ത തെറ്റിന്റെ ഗൗരവം തിരിച്ചറിയാനുള്ള വിവേകമില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണം. അല്ലാത്ത പക്ഷം ഗവര്‍ണ്ണര്‍ ഭരണഘടനാ പരമായ കര്‍ത്തവ്യം നിര്‍വ്വഹിക്കണം .
 
ജനങ്ങളെ കൊള്ളയടിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയെന്നാണ് മന്ത്രി സജി ചെറിയാന്‍ ആരോപിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്തത് ഏതോ ഇന്ത്യക്കാരന്‍ എഴുതിയെടുത്തതാണ് നമ്മുടെ ഭരണഘടനയെന്നാണ് മറ്റൊരു പരിഹാസം. 
ഭരണഘടനയുടെ ഉള്ളടക്കത്തേയും അതിന്റെ ശില്പിയേയും പറ്റിയുള്ള അജ്ഞതയാണ് ഈ അഭിപ്രായത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. ഇത് ഭരണഘടനാ ശില്പി അംബേദ്കറെ അപമാനിക്കുന്ന പ്രസ്താവനയുമാണ്.
 
ഇതിനൊപ്പം ഇന്ത്യന്‍ നീതി പീഠത്തേയും മന്ത്രി വിമര്‍ശിച്ചു. ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗമായ മന്ത്രി ആ പദവിക്ക് നിരക്കാത്ത വ്യക്തിത്വമാണ് എന്ന് തെളിയിച്ചിരിക്കുകയാണ്. ഇങ്ങനെയൊരാള്‍ ഇനി മന്ത്രി പദവിയില്‍ തുടരുന്നത് ജനാധിപത്യത്തിന് കളങ്കവുമാണ്. മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ കഴിയുന്നത് രാജ്യത്ത് ഭരണഘടന ഉള്ളതുകൊണ്ടാണ്. ഭരണഘടന നല്‍കിയ ഭരണഘടനാ പദവിയില്‍ ഇരുന്നുകൊണ്ട് ഭരണഘടനയെ നിന്ദിക്കുന്നത് നന്ദികേട് മാത്രമല്ല രാജ്യദ്രോഹവുമാണ്. മല്ലപ്പള്ളിയില്‍ നടന്ന രാജ്യദ്രോഹ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ മല്ലപ്പള്ളി പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യേണ്ടതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍