മന്ത്രി കോപിച്ചു; കുട്ടികളുടെ സൗജന്യയാത്ര കെഎസ്ആര്‍ടിസി പുനഃസ്ഥാപിച്ചു

Webdunia
ബുധന്‍, 10 ജൂണ്‍ 2015 (09:39 IST)
പ്ലസ് ടു തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യയാത്രാ സൗകര്യം കെഎസ്ആര്‍ടിസി  നിര്‍ത്തിയെന്ന വാർത്ത ശരിയല്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെഎസ്ആർടിസിയിൽ പ്ലസ്ടുവരെയുള്ള വിദ്യാർഥികൾക്കുള്ള യാത്രസൗജന്യം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
 
വരുമാനനഷ്ടം പരിഗണിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ സൌജന്യം പിന്‍‌വലിക്കുന്നതായി കെഎസ്ആർടിസി എംഡിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. അതിനെ തിരുത്തിയാണ് ഗതാഗതവകുപ്പ് മന്ത്രി തന്നെ രംഗത്തെത്തിയത്. 
 
യാത്രസൗജന്യം റദ്ദാക്കിയത് സംബന്ധിച്ച മെമ്മോറാണ്ടം കെഎസ്ആർടിസി പുറത്തിറക്കിയിരുന്നു. സൗജന്യയാത്ര പിൻവലിച്ച് പകരം 2014 അധ്യയന വർഷത്തിൽ നിലനിന്നിരുന്ന കൺസെഷൻ ടിക്കറ്റ് സമ്പ്രദയം പുനസ്ഥാപിക്കാനാണ് തീരുമാനമെന്നും പത്താം തീയതി മുതൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ ടിക്കറ്റുകൾ വിതരണം ചെയ്യണമെന്നുമാണ് എംഡിയുടെ ഓഫീസ് അറിയിച്ചിരുന്നത്.
 
സൗജന്യ യാത്രാ സൗകര്യം നിര്‍ത്തലാക്കി മുമ്പുണ്ടായിരുന്ന സൗജന്യ നിരക്കിലുള്ള കണ്‍സെഷന്‍ ടിക്കറ്റ് പുനഃസ്ഥാപിക്കാനായിരുന്നു കെഎസ്ആര്‍ടിസി തീരുമാനിച്ചത്. പ്ലസ് ടു തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 2015 ഫിബ്രവരി ഒന്നു മുതലാണ് സൗജന്യ യാത്ര പ്രഖ്യാപിച്ചത്. ഇതു നിര്‍ത്തിയ സാഹചര്യത്തില്‍ പ്ലസ് ടു വരെയുള്ള എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും ബുധനാഴ്ച മുതല്‍ കണ്‍സെഷന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യണമെന്നായിരുന്നു ഉത്തരവ്. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍, കെഎസ്ആര്‍ടിസി ഡിപ്പോ യൂണിറ്റ് മേധാവികള്‍ക്ക് ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.