കെഎസ്ആർടിസി ബസ്സുകളിൽ ഇനി ക്യാഷ് ലെസ്സ് യാത്ര

സുബിന്‍ ജോഷി

ചൊവ്വ, 19 മെയ് 2020 (19:41 IST)
കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ക്യാഷ്  ലെസ്സ്  യാത്രയ്ക്കുള്ള നൂതന സംരംഭത്തിന് തുടക്കമായി. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ റീചാർജ്ജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന യാത്രാ കാർഡുകൾ നടപ്പിലാക്കുന്നതിന്റെ ട്രയൽ റണ്ണിന്റെ ഉദ്ഘാടനം  സെക്രട്ടറിയേറ്റിൽ  ഗതാഗത വകുപ്പ് മന്ത്രി .എ.കെ. ശശീന്ദ്രൻ നിർവഹിച്ചു.
 
ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെകട്ടറി കെ.ആർ ജ്യോതിലാൽ ആദ്യ കാർഡ് ഏറ്റുവാങ്ങി. കോവിഡ്-19 പശ്ചാത്തലത്തിൽ കറൻസി ഉപയോഗം പരമാവധി കുറച്ച് കോണ്ടാക്ട്ലെസ്സ് ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആറ്റിങ്ങൽ, നെയ്യാറ്റിൻകര  എന്നിവിടങ്ങളിൽ നിന്നുമുള്ള സെക്രട്ടറിയേറ്റ് സർവ്വീസ് ബസ്സുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടപ്പിലാക്കുന്നത്. പരീക്ഷണം വിജയമായാൽ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും ഈ സംവിധാനം നടപ്പിൽ വരുത്തുമെന്ന് മന്ത്രി പറഞ്ഞു.
 
കാർഡ് ബസ്  കണ്ടക്ടറുടെ പക്കൽ നിന്നും വാങ്ങാം. നൂറ് രൂപ മുതൽ തുക നൽകി റീച്ചാർജ് ചെയ്യാം. ബസ് ഡിപ്പോയിൽ നിന്നും ചാർജ് ചെയ്യാവുന്നതാണ്. റീച്ചാർജ് ചെയ്ത തുക തീരും വരെ കാലപരിമിതയില്ലാതെ ഇത് ഉപയോഗിക്കാനാകും. യാത്രക്കാർക്കും ജീവനക്കാർക്കും കറൻസി ഉപയോഗം പരമാവധി കുറയ്ക്കാൻ കഴിയുന്ന, കോവിഡ് രോഗവ്യാപന സാധ്യത ഇല്ലാത്ത അപകടരഹിതമായ ആധുനിക കാർഡുകളാണ് നടപ്പിലാക്കുന്നത്. 'ചലോ' എന്ന കമ്പനിയാണ് കെഎസ്ആർടിസിക്ക് വേണ്ടി ഈ പ്രോജക്ട് നടപ്പിലാക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍