കെഎസ്ആർടിസിയിലും വൈഫൈ!... സംഗതി കൊള്ളാലോ...

Webdunia
ചൊവ്വ, 7 ജൂലൈ 2015 (19:57 IST)
കാലം മാറി കഥമാറി സാഹചര്യങ്ങളും മാറി. മാറ്റമില്ലാത്ത കെ‌എസ്‌‌ആര്‍ടിസിയുടെ സ്വാഭാവത്തില്‍ മാത്രമാണെന്ന് പലരും പറഞ്ഞു. ഇനി അതൊക്കെ മറന്നേക്കു. ബസ് യാത്രകള്‍ക്ക് കാലത്തിനൊപ്പം പുരോഗമിച്ചിരിക്കുകയാണ് നമ്മടെ സ്വന്തം ആനവണ്ടിക്കമ്പനിയും. അതായത് യാത്രക്കാര്‍ക്ക് പരിധിയില്ലാത്ത ഇന്റെര്‍നെറ്റ് ഉപയോഗം വാഗ്ദാനം ചെയ്തുകൊണ്ട് കെ‌എസ്‌‌ആര്‍ടിസി ബസുകളില്‍ വൈഫൈ സൌകര്യം വരുന്നു.

ആദ്യഘട്ടമെന്ന നിലയിൽ കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്കും ആലപ്പുഴയിലേക്കുമുള്ള ഓരോ ബസുകളിൽ ഇതു പ്രവർത്തിച്ചുതുടങ്ങി. കൊച്ചി മെട്രോ റെയില്‍ കമ്പനിയായ കെ‌എം‌ആര്‍‌എല്‍ ആണ് ബസില്‍ വൈഫൈ സൌകര്യം കൊണ്ടുവന്നിരിക്കുന്നത്. ബസിനുള്ളിൽ കയറി മൊബൈലിലോ ടാബിലോ ലാപ്ടോപ്പിലോ വൈ-ഫൈ ഓൺചെയ്താൽ മൂവ് ബോക്സ് എന്ന സിഗ്നൽ ലഭിക്കും. ഇതിലേക്കു പ്രവേശിച്ചാൽ കൊച്ചി മെട്രോയുടെ ചോദ്യാവലി പേജിലേക്കാണ് എത്തുക.

പിന്നെ വെറും ആറ് ചോദ്യങ്ങൾ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ അഡ്രസ് എന്നിവ ആദ്യം പൂരിപ്പിക്കാം. അടുത്ത മൂന്നും ഡ്രോപ്ഡൗൺ മെനുവിൽ നിന്നും തിരഞ്ഞെടുക്കാം. യാത്രയുടെ ഉദ്ദേശമെന്ത്? വൈ-ഫൈ എങ്ങനെയുണ്ട്? ഏത് ഉപകരണത്തിലാണ് പ്രവർത്തിക്കുന്നത് എന്നിങ്ങനെയാണവ. ഇതിനുശേഷം കണക്ട് അമർത്തിയാൽ വൈ-ഫൈ സജ്ജമായിക്കഴിഞ്ഞു.

നിലവിൽ ബസ് യാത്രക്കാർക്കു പരിധിയില്ലാത്ത ഇന്റർനെറ്റ് ഉപയോഗം മാത്രമാണ് ഒരുക്കിയിട്ടുള്ളതെങ്കിലും രണ്ടാം ഘട്ടത്തിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ബസ് എവിടെ എത്തിയെന്നും സീറ്റ് ഒഴിവുണ്ടോയെന്നും പരിശോധിക്കാനുള്ള സംവിധാനവും നിലവിൽവരും. ബസിൽ വൈ-ഫൈ സംവിധാനമുണ്ടെന്ന് നിലവിൽ സൂചനകളൊന്നും നൽകിയിട്ടില്ല. എന്നാൽ രണ്ടാം ഘട്ടത്തിൽ ബസിന്റെ ഡിസ്പ്ലേ ബോർഡിൽ ഇതുകൂടി സൂചിപ്പിക്കും. കെഎൽ15 എ 568, കെഎൽ15 എ 405 നമ്പരുള്ള ബസുകളിലാണ് ഈ സംവിധാനം ഇപ്പോഴുള്ളത്.

കോട്ടയത്തുനിന്നും രാവിലെ 7.30, 12.40, 5.30 എന്നീസമയങ്ങളിലും കൊച്ചിയിൽ നിന്നും തിരിച്ച് 10, 3, വൈകിട്ട് 7.40 എന്നീസമയങ്ങളിലും വൈ-ഫൈ സജ്ജമായ ബസിന്റെ സർവീസ് ഉണ്ടാകും. രണ്ടാമത്തെ ബസ് ആലപ്പുഴയിൽ നിന്നും രാവിലെ 7.10ന് പുറപ്പെട്ട് 9.40ന് കൊച്ചി ഇൻഫോപാർക്കിലെത്തി 10.10ന് വൈറ്റില വഴി ചങ്ങനാശേരിയിലേക്ക് തിരിക്കും. 2.30ന് ചങ്ങനാശേരിയിൽ നിന്നും തിരിച്ച് കൊച്ചിക്കും വൈകിട്ട് 6.30ന് ആലപ്പുഴയിലേക്കുമാണ് സർവീസ് നടത്തുക.