ഫ്ലക്സി പെര്‍മിറ്റിന് അനുമതിയായി, പുതിയ പരിഷ്കാരം കരകയറ്റുമെന്ന പ്രതീക്ഷയില്‍ കെഎസ്ആർടിസി

Webdunia
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (13:56 IST)
അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ സ്വകാര്യ ബസുകളുടെയും കര്‍ണാടക ആര്‍ടിസിയുടെയും വെല്ലുവിളിയെ അതിജീവിക്കാന്‍ കെ‌എസ്‌ആര്‍ടിസി തയ്യാറെടുക്കുന്നു. ഇതിനായി അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കെഎസ്ആർടിസിക്ക് ഫ്ലക്സി പെര്‍മിറ്റ് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. യാത്രാ തിരക്കനുസരിച്ചു ടിക്കറ്റ് ചാർജ് കൂട്ടാനും കുറയ്ക്കാനും അനുവദിക്കുന്നതാണ് ഫ്ലക്സി പെര്‍മിറ്റ്.

നിലവില്‍ പ്രൈവറ്റ് ബസുകളും കര്‍ണാടക ആര്‍ടിസിയുമെല്ലാം ഇത്തരം പെര്‍മിറ്റിലാണ് സര്‍വീസ് നടത്തുന്നത്. മലയാളികള്‍ ഏറെയുള്ള ബംഗളൂരു റൂട്ടിലാണ് ഈ രീതിയില്‍ കെ‌എസ്‌ആര്‍ടിസി ഇനി സര്‍വീസ് നടത്തുക. ഈ മാസം അവസാനത്തൊടെ ഈ റൂട്ടില്‍ ഇത് പ്രാബല്യത്തില്‍ വരും. തിരക്കു കുറഞ്ഞ ദിവസങ്ങളിൽ ടിക്കറ്റ് ചാർജ് കുറയ്ക്കാനും വളരെ തിരക്കേറിയ ദിവസങ്ങളിൽ സാധാരണ നിരക്കിലും സർവീസ് നടത്താമെന്നതിനാല്‍ തിരക്കേറിയ ദിനങ്ങളില്‍ കൂടുതല്‍ വരുമാനവും അല്ലാത്തപ്പോള്‍ നഷ്ടമില്ലാതെയും സര്‍വീസ് നടത്താന്‍ സാധിക്കും.

സാമ്പത്തിക പ്രതിസന്ധിയില്‍ വട്ടം ചുറ്റുന്ന കെ‌എസ്‌ആര്‍ടിസിക്ക് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പലപ്പോഴും ബാധ്യത ആകുകയായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരമുണ്ടായേക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിനോട് മലയാളികള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് വ്യക്തമല്ല.