കെഎസ്ആര്‍ടിസിയെ കര്‍ണ്ണാടക അടിച്ചോണ്ടു പോകും!

Webdunia
ബുധന്‍, 26 നവം‌ബര്‍ 2014 (16:01 IST)
കെ‌എസ്‌ആര്‍ടിസി എന്ന ചുരുക്കെഴുത്ത് രാജ്യത്ത് രണ്ട് സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ക്ക് മാത്രമെ സ്വന്തമായിട്ടുള്ളു, കര്‍ണ്ണാടകയ്ക്കും, പിന്നെ നമ്മുടെ കേരളത്തിനും. അതിനാല്‍ കെ‌എസ്‌ആര്‍ടിസി എന്ന് ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്താല്‍ ഈ രണ്ട് സര്‍വീസുകളും നമ്മുടെ മുന്നില്‍ എത്തും. എന്നാല്‍ ഇനി അധികകാലം നമ്മുടെ ആനവണ്ടിക്ക് ഈ ചുരുക്കെഴുത്ത് ഉപയോഗിക്കാന്‍ പറ്റിയേക്കില്ല. കാരണം ആപേരിന്റെ അവകാശം കര്‍ണ്ണാടക കൊണ്ടുപോകാന്‍ തുടങ്ങുന്നതായാണ് വിവരം.

എന്നാല്‍ കേരളം ഇതൊന്നും അറിഞ്ഞതും ഇല്ല. കേരളത്തില്‍ എന്ത് നടന്നാ‍ലും രാജ്യം മുഴുവന്‍ അറിഞ്ഞതിനു ശേഷമല്ലെ നമ്മുടെ സര്‍ക്കാരും മാധ്യമങ്ങളും അക്കാര്യം അറിയു എന്നത് പച്ചപ്പരമാര്‍ഥം. ഇതൊക്കെ മനസ്സില്‍ കണ്ടു കൊണ്ടാവാം കര്‍ണാടകം പുതിയൊരു നീക്കത്തിന് ഒരുങ്ങുന്നത്. കേരളത്തിന് അവകാശപ്പെട്ട പേരാണ് കെ‌എസ്‌ആര്‍ടിസി എന്നത്. എന്നാല്‍ കെഎസ്ആര്‍ടിസിയെ സ്വന്തമാക്കാന്‍ കേന്ദ്ര ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് കര്‍ണാടകം.

ഈ നീക്കം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നെങ്കിലും കേരളം ഇതു വരെ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ടു വൈകാതെ തന്നെ കെഎസ്ആര്‍ടിസി എന്ന പേര് കര്‍ണാടക ബസ്സുകള്‍ക്ക് ലഭിക്കാനാണ് സാധ്യത. എന്നാല്‍ കേരളത്തിനു മുന്നില്‍ സമയം വൈകിയിട്ടില്ല. കാരണം 1937 ല്‍ തിരുവിതാംകൂര്‍ രാജകുടുംബമാണ് കേരളത്തില്‍ പൊതു ഗതാഗത സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ 1973 ആണ് കര്‍ണാടക സര്‍ക്കാര്‍ കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കാന്‍ തുടങ്ങിയത്.

ഈ ഒരൊറ്റ ചരിത്ര വസ്തുത കേരളം കേന്ദ്രത്തിനെ അറിയിച്ചാല്‍ കര്‍ണ്ണാടകം കണ്ട ദിവാസ്വപന്മൊക്കെ ബസ് പുറത്തുവിട്ട പുകപോലെയായിത്തീരും. എന്നാല്‍ കേരളത്തിന്റെ കാര്യമാണ് അതിശയം. കാറ്റടിച്ചാല്‍ ഇളകാത്ത കല്ലുപോലെ തന്നെ കേരളം ഇതൊന്നും അറിഞ്ഞതേയില്ല എന്ന രീതിയിലാണ്. ഇങ്ങനെ പോയാല്‍ പേര് കര്‍ണാടക കൊണ്ടു പൊകും എന്ന് ഉറപ്പാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.