കെ.എസ് .ആർ.ടി.സി ബജറ്റ് ടൂറിസത്തിൽ നിന്ന് പണം തട്ടിയ കണ്ടക്ടർ സസ്‌പെൻഷനിൽ

എ കെ ജെ അയ്യര്‍
വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (10:11 IST)
പാലക്കാട് : വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടു പാലക്കാട്ട് കെ.എസ് .ആർ.ടി.സി ബജറ്റ് ടൂറിസത്തിൽ നിന്ന് 1,21,110 രൂപാ തട്ടിയ കണ്ടക്ടർ സസ്‌പെൻഷനിലായി. ഇവിടത്തെ കണ്ടക്ടറും ബജറ്റ് സെൽ കോർഡിനേറ്ററുമായ കെ.വിജയശങ്കറെയാണ് കോർപ്പറേഷൻ സസ്‌പെൻഡ് ചെയ്തത്.

ഇതിനായി ഇയാൾ പന്ത്രണ്ടു വ്യാജ രസീത് ബുക്കുകൾ അച്ചടിപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ഓഡിറ്റ് വിഭാഗം - വിജിലൻസ് നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. ബസ് സർവീസ് തുടങ്ങുന്നതിനു മുമ്പ് തന്നെ ഇയാൾ വ്യാജ രസീത് ഉപയോഗിച്ച് യാത്രക്കാരിൽ നിന്ന് പണം കൈപ്പറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്.

തട്ടിപ്പ് കണ്ടെത്തിയതോടെ ഈ ഡിപ്പോയിൽ ആരംഭിച്ച ബജറ്റ് ടൂറിസം സർവീസ് സെല്ലിലെ 2021 നവംബർ പതിനഞ്ചു മുതലുള്ള എല്ലാ പണം ഇടപാടുകളും പരിശോധിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇയാൾ ഇതിൽ കൂടുതൽ പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ മെയ് ഇരുപതിന്‌ നടത്തിയ വയനാട്, ഗവി യാത്രകളുടെ വരുമാനം ഓഫീസിൽ നൽകിയിട്ടുമില്ല. യാത്രക്കാർ തുക ഓൺലൈൻ വഴി അടച്ചു എന്നാവും ഇപ്പോഴും കണ്ടക്ടർ അവകാശപ്പെടുന്നത്. എന്നാൽ പണം വന്നിട്ടില്ല എന്ന് ക്ലസ്റ്റർ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് സമഗ്രമായ ഓഡിറ്റ് നടത്തി വെട്ടിപ്പ് കണ്ടെത്തിയത്.

തട്ടിപ്പിൽ ഇയാൾക്ക് കൂട്ടാളികൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇയാൾ നടത്തിയ മുഴുവൻ വെട്ടിപ്പും കണ്ടെത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. ക്രിമിനൽ കുറ്റം ഉൾപ്പെടെയുള്ള നടപടികളും പരിശോധനയിലാണ് എന്നാണു വിവരം അറിഞ്ഞതിനു ശേഷം കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചത്. പൂർണ്ണമായ റിപ്പോർട്ട് വന്ന ശേഷമായിരിക്കും തുടർ നടപടികൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article