ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ, കോഴിക്കോട്, കോട്ടയം ഡിപ്പോകളിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ തുടര്‍ന്നു വന്ന സമരത്തിന് താല്‍ക്കാലിക വിരാമം. സെപ്റ്റംബര്‍ മാസത്തിലെ പെന്‍ഷന്‍ കുടിശികയും കൊടുക്കാന്‍ 40 കോടി രൂപ അനുവദിച്ചിരുന്നു. വൈകുന്നേരത്തോടെ ജീവനക്കാരുടെ അക്കൌണ്ടുകളില്‍ ശമ്പളം എത്തി തുടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സമരത്തിന് അവസാനമായത്.
അഞ്ചാം തീയതി കഴിഞ്ഞിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പല ഡിപ്പോകളിലേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്ക് തുടങ്ങിയത്. ആലപ്പുഴ, കോഴിക്കോട്, കോട്ടയം ഡിപ്പോകളിലെ സര്‍വീസുകള്‍ താറുമാറായി. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് രാവിലെ പോവേണ്ട 55 സര്‍വീസുകളില്‍ 47 ഉം, കോട്ടയം ഡിപ്പോയില്‍ നിന്നുളള 25 ശതമാനം സര്‍വീസുകളും, ആലപ്പുഴ ജില്ലയിലെ ഭൂരിഭാഗം സര്‍വീസുകളും സമരത്തെ തുടര്‍ന്ന് മുടങ്ങി.
സമരം ശബരിമല സര്‍വീസുകളെയും ബാധിക്കുന്ന തരത്തിലായിരുന്നു. പ്രതിഷേധവുമായെത്തിയ ജീവനക്കാര്‍ കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം ചീഫ് ഓഫീസ് ഉപരോധിക്കുകയും ചെയ്തു. സംസ്ഥാനത്തെ മിക്ക സ്‌റ്റാന്‍ഡുകളില്‍ പ്രകടനം നടത്തുകയും സര്‍വീസുകള്‍ നടത്തിയ ബസുകള്‍ തടയുകയും ചെയ്തു. ചെങ്ങന്നൂരില്‍ നിന്നാണ് ശബരിമലയിലേക്ക് ചെയിന്‍ സര്‍വീസ് നടക്കുന്നത്. ചെങ്ങന്നൂര്‍ ഡിപ്പോയില്‍ ജീവക്കാര്‍ അവധിയെടുക്കാത്തതിനാല്‍ പമ്പാ സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുമെന്ന് അറിയിച്ചെങ്കിലും മിക്ക സര്‍വീസുകള്‍ തടസപ്പെട്ടു.