ഓണം പ്രമാണിച്ച് ബാംഗ്ലൂര്‍ മലയാളികള്‍ക്ക് ആശ്വാസമേകാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നു. ഇതനുസരിച്ച് വ്യാഴാഴ്ച മുതല്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ഡിപ്പോകളില്‍ നിന്ന് 11 ബസുകളാണു സര്‍വീസ് നടത്തുന്നത്.
കെഎസ്ആര്‍ടിസി ചീഫ് ട്രാഫിക് മാനേജര്‍ പി.എം.ഷറഫ് മുഹമ്മദ് അറിയിച്ചതാണിക്കാര്യം. ആവശ്യമെങ്കില്‍ കൂടുതല്‍ ഡിപ്പോകളില്‍ നിന്ന് ബംഗളൂരുവിലേക്ക് കൂടുതല്‍ ബസുകള്‍ അയയ്ക്കാനും ആലോചനയുണ്ട്.
നിലവില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ തിരക്ക് കൂടുന്നത് അനുസരിച്ച് സാധാരണയില്‍ ഉള്ളതിന്‍റെ ഇരട്ടിയിലേറെ തുകയാണ് ഓണം എത്തുന്നതോടെ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. അന്തര്‍ സംസ്ഥാന കോണ്‍ട്രാക്റ്റ് കാരിയേജ് വാഹനങ്ങള്‍ നിരക്ക് കൂട്ടിയാലും കേന്ദ്ര നിയമത്തിന്‍റെ കീഴിലായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇവയ്ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ല.
കര്‍ണ്ണാടകയിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ഇരു സംസ്ഥാനങ്ങളും തമ്മില്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. നിലവിലെ തിരക്ക് പ്രമാണിച്ച് അടിയന്തരമായി നടപടി എടുക്കാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു.