ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് മഴയും കാറ്റും ശക്തിയാര്‍ജ്ജിച്ചതിനെ തുടര്‍ന്ന് വ്യാപകമായ നാശനഷ്ടങ്ങളാണ് കെഎസ്ഇബി ലൈനുകള്‍ക്ക് ഉണ്ടായിട്ടുള്ളത്. അതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടിട്ടുണ്ട്.
ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വൈദ്യുതി ബോര്‍ഡിന്റെ സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചു ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ കണ്ട്രോള്‍ റൂമുകള്‍ സജ്ജീകരിക്കുവാന്‍ നിര്‍ദ്ദേശം നല്കിയിട്ടിട്ടുണ്ട്. എല്ലാ ഫീല്‍ഡ് ഓഫിസര്‍മാരും അതത് ഓഫീസ് ആസ്ഥാനത്തു സാന്നിധ്യം ഉറപ്പുവരുത്തേണ്ടതാണെന്നും, വൈദ്യുതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൂടാതെ കേരളത്തില്‍ വരുന്ന ദിവസങ്ങളില്‍ അതി തീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ കെ എസ് ഇ ബി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമുകള്‍ എല്ലാ ഡാം സൈറ്റുകളിലും വൈദ്യുതി ബോര്‍ഡിന്റെ പള്ളത്തുള്ള ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ആസ്ഥാനത്തും തുറന്നിട്ടുണ്ട്.