പുനഃസംഘടന തെരഞ്ഞെടുപ്പിന് മുമ്പ് നടത്തണമായിരുന്നു: സുധീരന്‍

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (12:42 IST)
പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. പുനഃസംഘടന നിര്‍ത്തിവെയ്ക്കാന്‍ എഐസിസി നിര്‍ദ്ദേശിച്ചിട്ടില്ല. ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും നിര്‍ദ്ദേശം വന്നാല്‍ അത് നടപ്പിലാക്കും.

അഗ്നിശമനസേനയുടെ തലപ്പത്ത് നിന്ന് പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലേക്ക് ജേക്കബ് തോമസിനെ മാറ്റിയ വിഷയത്തില്‍ സര്‍ക്കാര്‍ വിവാദ തീരുമാനങ്ങള്‍ ഒഴിവാക്കണമായിരുന്നു. പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും. പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാനായി ഇന്ന് ഡ്ലഹിയിലേക്ക് പോകുമെന്നും വിഎം സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം; കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമായി തുടരുകയാണ്. കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ തൃശൂര്‍ ജില്ലയിലെ എ ഐ ഗ്രൂപ്പുകളുടെ സംയുക്ത രഹസ്യ യോഗം അങ്കമാലിയില്‍ ചേര്‍ന്നത്. ചാവക്കാട് കൊലപാതകക്കേസ് അടക്കമുള്ള വിഷയങ്ങളില്‍ ഗ്രൂപ്പ് വത്കരിക്കാതെ മുന്നോട്ടു കൊണ്ട് പോകാനും, സുധീരനെ മറ്റ് വിഷയങ്ങളില്‍ നിന്ന് അകറ്റ് നിര്‍ത്തി മുന്നോട്ട് പോകാനുമാണ് യോഗത്തില്‍ ധാരണയായത്.