പുത്തനച്ചി പുരപ്പുറം തൂക്കാനില്ല; പാര്‍ട്ടിയാണ് നിയോഗിച്ചത്, പാര്‍ട്ടി പറയുന്നതിനപ്പുറം ചെയ്യില്ല: കെപിഎസി ലളിത

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2016 (09:48 IST)
പാര്‍ട്ടി പറയുന്നതിനപ്പുറം ഒന്നും ചെയ്യില്ലെന്ന് കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായി ചുമതലയേറ്റ ചലച്ചിത്ര നടി കെപിഎസി ലളിത. 'പാര്‍ട്ടിയാണ് എന്നെ നിയോഗിച്ചത്. പാര്‍ട്ടിക്ക് എതിരായി ഒന്നും ചെയ്യില്ല. പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. പാര്‍ട്ടി വളര്‍ത്താനല്ല മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണം നടത്തുന്നത്. ജനങ്ങള്‍ക്ക് നല്ലത് ചെയ്യുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതിനാല്‍ അവര്‍ പറയുന്നത് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല. ചുമതലയേറ്റശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കെപിഎസി ലളിത നിലപാട് വ്യക്തമാക്കി. 
 
ഒരാളുടെയും ചീത്തകേള്‍ക്കാതെ എല്ലാം ഭംഗിയായി തീര്‍ത്ത് കാലാവധി പൂര്‍ത്തിയാക്കി പോകാനാണ് ആഗ്രഹം. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ അത് ഭംഗിയായി ചെയ്യാനാകും. എല്ലാവരെയും ഒരേ മനസ്സോടെ കണ്ട് അക്കാദമിയെ കൂടുതല്‍ മികവോടെ മുന്നോട്ടു നയിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ഏല്‍പിച്ച ചുമതല തികഞ്ഞ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കും. തനിക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. എന്നാല്‍, അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയമുണ്ടാകില്ല. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാസ്റ്റര്‍ പ്‌ളാന്‍ ഉണ്ടോ എന്ന ചോദ്യത്തിന് 'പുത്തനച്ചി പുരപ്പുറം തൂക്കാനില്ല' എന്നായിരുന്നു പ്രതികരണം. 
 
നാടകത്തിനും സംഗീതത്തിനും കൂടുതല്‍ പ്രാമുഖ്യം നല്‍കി, ജനങ്ങളിലേക്ക് എത്തിക്കാന്‍ വ്യക്തമായ കാഴ്ചപ്പാട് മനസ്സിലുണ്ട്. ഗുരുവായൂരപ്പനെ ദര്‍ശിച്ചശേഷമാണ് ഈ സ്ഥാനം ഏറ്റെടുക്കാന്‍ എത്തിയതെന്ന് ലളിത പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12.15ന് തൃശൂര്‍ ചെമ്പൂക്കാവിലെ അക്കാദമി ഓഫിസില്‍ സിനിമസാഹിത്യ രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് രജിസ്റ്ററില്‍ ഒപ്പുവെച്ച്  ലളിത ചുമതലയേറ്റത്.
Next Article