അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വരുന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. മറ്റു സംസ്ഥാനങ്ങളില്‍ ആവശ്യമായ ഭൗതിക സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് കേരളത്തിലെ യത്തീം ഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ കൊണ്ടുവരുന്നതിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മനുഷ്യക്കടത്തെന്ന പേരില്‍ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളെ കൊണ്ടുവരുന്നതിനെ രാജ്യദ്രോഹകുറ്റമായി ചിത്രീകരിക്കുന്നത് ക്രൂരമാണ് എന്നും മജീദ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ യതീംഖാനകളില്‍ പഠിച്ച് ഉന്നത സ്ഥാനങ്ങള്‍ കൈവരിക്കുന്നതിനാലാണ് കേരളത്തിലേക്ക് മക്കളെ അയക്കാന്‍ തയ്യാറാകുന്നതെന്നും മജീദ് അവകാശപ്പെട്ടു. അതേസമയം അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടെ രേഖകള്‍ ഉറപ്പ് വരുത്താന്‍ യതീംഖാനകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.