വ്യക്തി ജീവിതം ചൂഴ്ന്നുനോക്കി വിമര്‍ശിക്കലല്ല രാഷ്ട്രീയപ്രവര്‍ത്തനം; സുരേന്ദ്രനെ തള്ളി ബല്‍‌റാമിനെതിരെ വിമര്‍ശനവുമായി കെ പി ശശികല

Webdunia
വെള്ളി, 12 ജനുവരി 2018 (09:05 IST)
എകെജിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ വിടി ബല്‍റാമിനെ പിന്തുണച്ച കെ.സുരേന്ദ്രനെ തള്ളി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല. ഒരാളുടെ വ്യക്തി ജീവിതം ചൂഴ്ന്നുനോക്കി വിമര്‍ശിക്കലല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് പറഞ്ഞ ശശികല, അവരുടെ പരിപാടികളോടോ ആശയങ്ങളോടോ  വിയോജിപ്പുണ്ടെങ്കില്‍ അതാണ് പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കി.
 
എല്ലാവരേയും വ്യക്തിഹത്യ നടത്തുന്ന ഒരാളാണ് ബല്‍റാം. മോദിജിയേയും ശോഭ സുരേന്ദ്രനേയും തന്നെയുമൊക്കെ പറയാന്‍ അറയ്ക്കുന്ന തരത്തിലുള്ളാ വാക്കുകള്‍ ഉപയോഗിച്ച് വിമര്‍ശിച്ചയാളാണ് അദ്ദേഹം. തങ്ങളെല്ലാം അത് കേട്ടപോലെ വിടുകയും ചെയ്തു. പക്ഷെ ഇവിടെ പറയാന്‍ പാടില്ലാത്തതാണ് ബല്‍റാം പറഞ്ഞത്. അതിനെക്കാളേറെ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സഖാക്കള്‍ ചെയ്യാനും തുടങ്ങിയെന്നും അവര്‍ പറഞ്ഞു. 
 
തങ്ങള്‍ക്കെതിരെ ബല്‍റാം പറഞ്ഞപ്പോള്‍ അഭിപ്രായ സ്വാതന്ത്യത്തിന്റേയും സഹിഷ്ണുതയുടേയും പേരില്‍ അദ്ദേഹത്തോടൊപ്പം നിന്നവരായിരുന്നു സഖാക്കള്‍. ഞങ്ങള്‍ക്ക് പിറക്കാതെ പോയ മകനെന്ന് വരെ ബല്‍റാമിനെ പറ്റി പറഞ്ഞ സഖാക്കളുണ്ട്. ഇപ്പോള്‍ അവര്‍ എന്ത് പറയുന്നു?” ബല്‍റാം ചെയ്തതും സഖാക്കള്‍ ഇപ്പോള്‍ ചെയ്യുന്നതും രണ്ടും ഒന്ന് തന്നെയാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article