നഴ്സിങ്ങ് വിദ്യാർത്ഥിനി റാഗിങിനിരയായ സംഭവം; ചികിത്സയ്ക്ക് പണമില്ലാതെ കുടുംബം ദുരിതത്തിൽ

Webdunia
ബുധന്‍, 22 ജൂണ്‍ 2016 (15:33 IST)
റാഗിങിനിരയായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന  വിദ്യാർത്ഥിനിയുടെ കുടുംബം പ്രതിസന്ധിയിൽ. ചികിത്സയ്ക്ക് ആവശ്യമായ പണം ഇല്ലാതെ ദുരിതമനുഭവിക്കുമയാണ് ഇവരുടെ കുടുംബം. മരുന്നുകൾ വാങ്ങുന്നതിനും ദൈനംദിന ആവശ്യങ്ങൾക്കും ഒരുപാട് ബുദ്ധിമുട്ടാണെന്നും അശ്വതിയുടെ അമ്മ ഒരു വാർത്താ ചാനലിനോട്  വ്യക്തമാക്കി.
 
കഴിഞ്ഞ 20 ദിവസമായി ചികിത്സയിൽ കഴിയുന്ന അശ്വതിയ്ക്ക് ഏകദേശം 3100 രൂപവരെ വില വരുന്ന മരുന്നുകൾ വാങ്ങേണ്ടി വന്നിട്ടുണ്ട്. ഗ്ലൂക്കോസ് മാത്രം ആശുപത്രിയിൽ നിന്നും നൽകുമെന്നും ബാക്കിയെല്ലാ മരുന്നുകളും പുറത്തുനിന്നും വാങ്ങുകയായായിരുന്നുവെന്നും അശ്വതിയുടെ അമ്മ വ്യക്തമാക്കി. 
 
പട്ടികജാതി പട്ടികവർഗ്ഗ മന്ത്രി എ കെ ബാലൻ അശ്വതിയുടെ കുടുംബത്തിന് സഹായവാഗ്ദാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആരും കാണാൻ എത്തിയിട്ടില്ലെന്നും മറ്റാരോടെങ്കിലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതോടൊപ്പം, ഇന്നുമുതൽ പുറത്തുനിന്നും മരുന്ന് വാങ്ങേണ്ടന്ന് ആശുപത്രി അധികൃതർ പറഞ്ഞതായും അശ്വതിയുടെ അമ്മ പറഞ്ഞു.
 
പണം കടം വാങ്ങിയും ലോണെടുത്തുമാണ് പിതാവില്ലാത്ത അശ്വതിയെ ബന്ധുക്കള്‍ നഴ്‌സിങ് പഠനത്തിനായി കര്‍ണാടകയിലേക്ക് അയച്ചത്. തനിക്ക് അവിടെ നില്‍ക്കാനാവുന്നില്ലെന്ന് അശ്വതി പല തവണ വീട്ടിലേക്ക് വിളിച്ച് അറിയിച്ചു. എന്നാല്‍ ക്രൂരമായ റാഗിങ് നടക്കുന്നത് മനസ്സിലാകാതിരുന്ന വീട്ടുകാര്‍ അശ്വതിയെ കോളേജില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ഓര്‍ത്ത് വിങ്ങുകയാണ് ഇപ്പോള്‍ ബന്ധുക്കള്‍.
Next Article