അപകടങ്ങള്‍ക്ക് സാധ്യത; കോഴിക്കോട് വിമാനത്താവള പരിസരത്ത് പറക്കും ബലൂണുകള്‍ക്കും ലേസര്‍ ബീം ലൈറ്റുകള്‍ക്കും നിരോധനം

രേണുക വേണു

തിങ്കള്‍, 1 ജൂലൈ 2024 (15:47 IST)
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‌ളൈറ്റ് സോണില്‍ പറക്കും ബലൂണുകളും ലേസര്‍ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ് ഉത്തരവിട്ടു. പാരാ ഗ്ലൈഡറുകള്‍,  ഹൈ റൈസര്‍ ക്രാക്കറുകള്‍, പ്രകാശം പരത്തുന്ന വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം, പട്ടം പറത്തല്‍ എന്നിവയ്ക്കും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷന്‍ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിരോധനം. 
 
സിആര്‍.പി.സി സെക്ഷന്‍ 144 പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും വിമാനത്തിന്റെ ലാന്റിങ്, ടേക്ക് ഓഫ്, ഫ്‌ളൈയിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവ തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. 
 
ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് വിമാനത്താവള പരിസരത്തും റണ്‍വേയിലും അപകടങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നും വിമാനങ്ങളുടെ ടേക് ഓഫ്, ലാന്റിങ് എന്നിവയ്ക്ക് ഭീഷണിയാവുമെന്നും വിമാനങ്ങളുടെ നാവിഗേഷന്‍ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും കാണിച്ച് വിമാനത്താവള ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍