ഒറ്റപ്പാലം മങ്കരയ്ക്കു സമീപം സഹപാഠികൾക്കൊപ്പം ട്രെയിൻ തട്ടി ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ആര്യയുടെ നിലയില്‍ നേരിയ പുരോഗതി. ശരീരം മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. മെഡിസിൻ വിഭാഗം ഐസിയുവിൽ നിന്ന് ആര്യയെ ന്യൂറോ സർജറിയിലേക്ക് മാറ്റുകയും ചെയ്‌തു. ഇതോടെ രണ്ടു ദിവസത്തിനുള്ളിൽ ആര്യയിൽ നിന്നു മൊഴിയെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
പെണ്‍കുട്ടി തനിയെ ശ്വാസമെടുക്കാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ ഘട്ടം ഘട്ടമായി വെന്റിലേറ്ററില്‍ നിന്ന് പെണ്‍കുട്ടിയെ മാറ്റും. ആന്തരിക രക്‍തശ്രാവം തടയുന്നതിനും സാധിച്ചിട്ടുണ്ട്. ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ ചികിത്സയിലുള്ള ആര്യയുടെ തല സി.ടി സ്കാന്‍ ചെയ്തു. വയര്‍, നെഞ്ച് എന്നിവ സ്കാനിങ്ങിന് വിധേയമാക്കിയശേഷമാണ് ഡോക്ടര്‍മാര്‍ ആരോഗ്യനിലയിലെ പുരോഗതി അറിയിച്ചത്. വായിലെ ട്യൂബ് പ്രത്യേക സര്‍ജറി നടത്തി കഴുത്തിലേക്ക് മാറ്റി.
ട്യൂബിലൂടെ കുഴമ്പുരൂപത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കി തുടങ്ങി. മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം മേധാവി ഡോ. വിനോദ്, ന്യൂറോ സര്‍ജറി അഡീഷനല്‍ പ്രഫ. ഡോ. ബിജുകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്.
കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് എത്തിയിരുന്നെങ്കിലും മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല. മരിച്ച പെണ്‍കുട്ടികളുടെ പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതില്‍ അന്വേഷണ സംഘം അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികള്‍ വസ്ത്രംമാറിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസിന് കൃത്യത കണ്ടെത്താൻ സാധിച്ചിട്ടില്ല.
വിട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ടപ്പോള്‍ മൂന്നു പേരും യൂണിഫോമായിരുന്നു ധരിച്ചിരുന്നത്. അപകട സ്ഥലത്തു കാണുമ്പോൾ മറ്റു വസ്ത്രങ്ങളും. യാത്രയ്ക്കിടയിൽ ഇവർ എപ്പോഴാണു വസ്ത്രം മാറിയതെന്നു വ്യക്തമല്ലെന്നു പൊലീസ്. കുട്ടികളെ മാവേലിക്കരയിൽ കണ്ടയാൾ ഇവരെ യൂണിഫോമിൽ തന്നെയാണു കണ്ടതെന്നാണു പൊലീസിനു ലഭിച്ച വിവരം. ഇതിനിടയിൽ ട്രെയിനിൽ വച്ചാവാം വസ്ത്രം മാറിയതെന്നു പൊലീസ് അനുമാനിക്കുന്നു. പക്ഷേ, അതു ട്രെയിനിലെ മറ്റു യാത്രക്കാർ ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ എന്ന സംശയം ബാക്കി. കോന്നി തോപ്പിൽ ലക്ഷം വീട് കോളനിയിൽ കിഴക്കേടത്ത് സുരേഷിന്റെ മകളാണ് ആശുപത്രിയിൽ കഴിയുന്ന ആര്യ കെ സുരേഷ്.