ദേവീകോപം പറഞ്ഞ്‌ സമീപവാസികളെ നിശബ്‌ദരാക്കി; 'സൂര്യകാന്തി' താഴ്‌ന്നു വിടര്‍ന്നപ്പോള്‍ ക്ഷേത്രപരിസരം ശ്‌മശാന തുല്ല്യമായി

Webdunia
തിങ്കള്‍, 11 ഏപ്രില്‍ 2016 (14:31 IST)
പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിലെ മരണസംഖ്യ 109ല്‍ എത്തിനില്‍ക്കെ സംഭവത്തില്‍ മരണം വിതച്ചത്‌ 'സൂര്യകാന്തി' എന്ന്‌ വിളിപ്പേരുള്ള അമിട്ട്‌. ശനിയാഴ്‌ച രാത്രിയോടെ ആരംഭിച്ച വെടിക്കെട്ട് ഞായറാഴ്‌ച പുലര്‍ച്ചവരെ നീണ്ടുനിന്നപ്പോള്‍ അവസാനമായി കാണികളെ ആവേശം കൊള്ളിക്കാന്‍ വേണ്ടി ഉപയോഗിച്ച അമിട്ടായ സൂര്യകാന്തി നാശം വിതയ്‌ക്കുകയായിരുന്നു.

കണ്ണിന്‌ കുളിര്‍മ്മ നല്‍കി സൂര്യകാന്തിപാടം ഓര്‍മ്മിപ്പിച്ച്‌ മഞ്ഞനിറം വാരി വിതറുന്ന അമിട്ട്‌ ഞായറാഴ്‌ച പുലര്‍ച്ചെ ഉപയോഗിക്കുകയായിരുന്നു. ഉയരത്തില്‍ പൊട്ടിയശേഷം താഴേക്ക് വിടര്‍ന്നിറങ്ങി സൂര്യകാന്തിപാടം പോലെ മഞ്ഞനിറം വാരി വിതറുന്ന അമിട്ട്‌ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു. പകുതി പൊട്ടി താഴേക്ക് വന്ന സൂര്യകാന്തിയില്‍ ഒന്ന് സമീപത്തെ കമ്പപ്പുരയ്‌ക്ക് മുകളിലേക്ക് വീഴുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ക്ഷേത്രപരിസരം സ്‌മാശനതുല്ല്യമാകുകയുമായിരുന്നു.

വലിയ ഒരു മിന്നലും തുടര്‍ന്നുണ്ടായ സ്‌ഫോടനവും മാത്രമാണ് എല്ലാവര്‍ക്കും ഓര്‍മ്മയുള്ളത്. അപ്പോഴേക്കും സമീപത്തെ കെട്ടിടങ്ങള്‍ തകരുകയും നിരവധി പേര്‍ മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്‌തുകഴിഞ്ഞിരുന്നു. കോണ്‍ക്രീറ്റ് പാളികള്‍ ശരിരത്ത് വീണും പൊള്ളലേറ്റുമാണും പലരും മരിച്ചത്. മൃതദേഹങ്ങള്‍ ചിതറിയ നിലയിലായിരുന്നു. തുണികളില്‍ പൊതിഞ്ഞാണ് ഇവ ആശുപത്രികളിലേക്ക് മാറ്റിയത്. കമ്പപ്പുരയ്‌ക്ക് പുറമേ ഉപക്ഷേത്രങ്ങള്‍ക്കും സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി. ചില വീടുകളുടെ ഓടുകളും മേല്‍ക്കൂരകളും തകര്‍ന്നുവീണു.

വെടിക്കെട്ട്‌ നടന്ന സ്‌ഥലത്തിന്‌ തൊട്ടടുത്തുള്ള വീട്ടുകാര്‍ അപകടഭീതിയില്‍ പല തവണ ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും ക്ഷേത്രം ഭാരവാഹികള്‍ അതൊന്നും ചെവിക്കൊണ്ടിരുന്നില്ല. എന്നതിന്‌ പുറമേ ദേവീകോപം പറഞ്ഞ്‌ ക്ഷേത്രം ഭാരവാഹികള്‍ ഈ വീട്ടുകാരെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്‌തു.