കൊല്ലത്തും മലപ്പുറത്തും നടന്ന സ്ഫോടനങ്ങൾ പ്രതികാരമെന്ന് ബേസ് മൂവ്മെന്റിന്റെ സന്ദേശം. സ്ഫോടനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്ന് പെൻഡ്രൈവിലെ വീഡിയോയിലൂടെയാണ് ബേസ് മൂവ്മെന്റ് അറിയിച്ചു. ഇസ്രത് ജഹാൻ വധത്തിന്റെ പ്രതികാരമായാണ് കൊല്ലത്ത് സ്ഫോടനം നടത്തിയത്. മൈസൂർ സ്ഫോടനം യാക്കൂബ് മേമന്‍ വധത്തിലുള്ള പ്രതിഷേധമായിരുന്നുവെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.
ഇസ്രത് ജഹാൻ - യാക്കൂബ് മേമൻ വധങ്ങളുടെ വാർഷികങ്ങളിൽ ചെയ്ത പ്രതികാരം തങ്ങള്‍ ഇനിയും തുടരുമെന്നും പെൻഡ്രൈവിലെ വീഡിയോയില്‍ പറയുന്നു. വിവിധ അന്വേഷണ സംഘങ്ങള്‍ ഇന്ന് സംഭവസ്ഥലം പരിശോധിക്കും. വലിയ സ്ഫോടനങ്ങൾ ആസുത്രണം ചെയ്യുന്നതിനുള്ള പരീക്ഷണങ്ങളാണ് ഇത്തരം ചെറിയ സ്ഫോടനങ്ങളെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതേസമയം, അപകടം നടന്ന സമയത്ത് കോടതി പരിസരത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികളുടെ സഹായത്തോടെ പൊലീസ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിവരികയാണ്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ പ്രതിയുടെ ചിത്രം പ്രചരിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.