കൊല്ലം ജില്ലയിലെ സി പി എം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ ലിസ്റ്റില്‍ നിന്ന് ഗുരുദാസനും ഐഷാപോറ്റിയും പുറത്ത്

Webdunia
വെള്ളി, 11 മാര്‍ച്ച് 2016 (10:57 IST)
വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള കൊല്ലം ജില്ലയിലെ സി പി എം സ്ഥാനാര്‍ത്ഥികളുടെ സാദ്ധ്യതാ ലിസ്റ്റില്‍ നിന്ന് മുന്‍ മന്ത്രി ഗുരുദാസനും കൊട്ടാരക്കര എം എല്‍ എ ഐഷാ പോറ്റിയും പുറത്ത്. കൊല്ലം ജില്ലയിലെ കുണ്ടറ, കൊല്ലം, കൊട്ടാരക്കര നിയോജക മണ്ഡലങ്ങളിലാണ് സി പി എം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.

ജില്ലയുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍റെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കിയതിലാണ് കെ പി ഗുരുദാസന്‍റെയും ഐഷാ പോറ്റിയുടെയും പേര് ഒഴിവായിരിക്കുന്നത്. പുതുമുഖങ്ങള്‍, വനിതകള്‍ എന്നിവര്‍ക്ക് അവസരം നല്‍കുന്നതിനൊപ്പം രണ്ട് തവണ മത്സരിച്ചവരും ജില്ലാ സെക്രട്ടറിമാരും മാറി നില്‍ക്കണമെന്നും ഉള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ഇരുവര്‍ക്കും വിനയായത്.

കൊല്ലം സീറ്റിലെ സാദ്ധ്യതാ ലിറ്റില്‍ മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രസന്ന കുമാര്‍, ആര് എസ് ബാബു എന്നിവരുടെ പേരുകളാണുള്ളത്.

എന്നാല്‍ കൊട്ടാരക്കരയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ജയമോഹന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാല്‍ എന്നിവരുടെ പേരാണു സാധ്യതാലിസ്റ്റിലുള്ളത്. അതേ സമയം കുണ്ടറയിലെ സാദ്ധ്യതാ ലിസ്റ്റിലും കെ രാജഗോപാലിന്‍റെ പേരുണ്ട്. പി രാജേന്ദ്രന്‍, മേഴ്സിക്കുട്ടിയമ്മ, സൂസന്‍ കോടി എന്നിവരും കുണ്ടറ ലിസ്റ്റിലുണ്ട്.

എങ്കിലും യോഗത്തില്‍ ഗുരുദാസനെയും ഐഷാ പോറ്റിയേയും പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതെല്ലാം ഗോവിന്ദന്‍ ഉന്നതരെ അറിയിക്കുമെന്നാണു കരുതുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും തുടര്‍ന്നുള്ള സംസ്ഥാന കമ്മിറ്റി യോഗവുമാവും അന്തിമ തീരുമാനമെടുക്കുക.