കേന്ദ്ര കമ്മിറ്റിഅംഗമായ പി കെ ഗുരുദാസന്‍ ഉൾപ്പെടെ വി എസ് പക്ഷത്തെ പ്രമുഖരെ സ്ഥാനാർഥി നിർണയത്തിൽ നിന്നും വെട്ടിനിരത്തിയതിനെതിരെ സി പി എമ്മിൽ വിഎസ് പക്ഷം രംഗത്ത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അവസാനഘട്ട ചർച്ചക്കായി നാളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. അതിനിടയിലാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് വി എസ് പക്ഷം പൊളിറ്റ്ബ്യൂറോയ്ക്കു പരാതി അയച്ചത്. ജനറൽ സെക്രട്ടറി അടിയന്തരമായി ഇടപെടണമെന്നതാണു പരാതിയിലെ പ്രധാന ആവശ്യം.
വി എസിന്റെ സ്ഥാനാർഥിത്വം മാത്രമേ വിവാദമാകൂ എന്ന വിലയിരുത്തൽ തെറ്റിയെന്ന ഏറ്റുപറച്ചിലാണ് കേന്ദ്രനേതൃത്വം നടത്തുന്നത്. വി എസ് മത്സരരംഗത്തുള്ളതിനാൽ പകരം പി കെ ഗുരുദാസനെ മുന്നിൽ നിർത്തിയാണു വി എസ് പക്ഷം സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി പരസ്യമാക്കിയത്. ഗുരുദാസന്റെ ഈ പരസ്യപ്രസ്താവന പുറത്തുവന്നതിനെ തുടര്‍ന്ന് കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നു ഫാക്സ് സന്ദേശമായും മറ്റും കേന്ദ്രനേതൃത്വത്തിനു പരാതി അയച്ചിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റി അയയ്ക്കുന്ന സ്ഥാനാർഥിപ്പട്ടിക കേന്ദ്ര കമ്മിറ്റി അംഗീകരിക്കണമെന്നതാണു വ്യവസ്ഥ. കേന്ദ്ര കമ്മിറ്റി ഈ ചുമതല പൊളിറ്റ്ബ്യൂറോയെ ഏൽപിക്കുകയാണു പതിവ് രീതി. എന്നാല്‍ പി ബിയിൽ പിണറായി പക്ഷത്തിനാണു ഭൂരിപക്ഷ പിന്തുണ എന്ന സ്ഥിതിയിൽ കേരളത്തിൽ നിന്നു നൽകുന്ന പട്ടികയിൽ മാറ്റങ്ങളുണ്ടാക്കാന്‍ എളുപ്പത്തില്‍ സാധിക്കുകയില്ല. എന്നാൽ, പട്ടികയുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നു സംസ്ഥാന സെക്രട്ടറിയോട് ജനറൽ സെക്രട്ടറി നിർദേശിച്ചിട്ടുണ്ടെന്നാണ് സൂചന.
സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കപ്പെടേണ്ടവരെക്കുറിച്ചു വി എസ് അച്യുതാനന്ദൻ നേരത്തേ ജനറൽ സെക്രട്ടറി സിതാറാം യച്ചൂരിയുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍ വി എസ് ആവശ്യപ്പെട്ടവരില്‍ ഭൂരിഭാഗവും ഒഴിവാക്കപ്പെട്ടു. വി എസിന്റെ സ്ഥാനാർഥിത്വത്തിന്റെ പേരിൽ മാത്രം വിവാദത്തിനു മുതിരാതിരുന്ന പിണറായിപക്ഷം പിന്നീട് ആഞ്ഞടിച്ചുവെന്നാണു കേന്ദ്ര നേതൃത്വത്തിനു ലഭിച്ച പരാതി വ്യക്തമാക്കുന്നത്.
കൊല്ലത്തു നിന്നും പി കെ. ഗുരുദാസനെ ഒഴിവാക്കിയപ്പോൾ ആലപ്പുഴ ജില്ലയിൽ വി എസ് പക്ഷത്തെ പ്രമുഖരായ സി എസ് സുജാത, സി കെ സദാശിവൻ, തിരുവനന്തപുരത്തു പിരപ്പൻകോട് മുരളി, എറണാകുളത്തു കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈൻ, പാലക്കാട്ട് എം ചന്ദ്രൻ തുടങ്ങി വി എസ് പക്ഷത്തെ മിക്ക പ്രമുഖരും തഴയപ്പെട്ടുവെന്ന പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. ജെ മേഴ്സിക്കുട്ടിയമ്മ, എസ് ശർമ എന്നിവർ മാത്രമാണ് ഈ ചേരിയിൽ നിന്നു പരിഗണിക്കപ്പെട്ട പ്രമുഖർ.
തെക്കൻ ജില്ലകളിൽ നിന്നും വി എസ് പക്ഷക്കാരെ എന്നതിനപ്പുറം പാർട്ടിക്ക് അടിത്തറയായി നിലകൊള്ളുന്ന സമുദായത്തിൽ നിന്നുള്ള പലരേയും ഒഴിവാക്കുന്നുവെന്ന ആരോപണവും ഇപ്പോള്‍ ശക്തമാണ്. ഇതേകുറിച്ചുള്ള പരാതിയും കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ തെക്കൻ ജില്ലകളിലെ പല നേതാക്കളും തങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനു പ്രാധാന്യം നൽകുന്നതിനാൽ പിണറായി പക്ഷത്തിന്റെ താൽപര്യങ്ങളെ ചോദ്യംചെയ്യാൻ മുതിരുന്നില്ലെന്ന ആരോപണവും ഇപ്പോള്‍ ശക്തമാണ്.
ജനറൽ സെക്രട്ടറിക്കു നൽകിയ പരാതിയിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. സാമുദായിക സമവാക്യങ്ങൾ തകർത്തുള്ള തരത്തില്‍ പട്ടികയുണ്ടാക്കുന്നത് ഫലത്തിൽ ബി ജെ പിക്കും ബി ഡി ജെ എസിനും ഗുണം ചെയ്യുമെന്നും നഷ്ടം എൽ ഡി എഫിനു മാത്രമായിരിക്കുമെന്നുമുള്ള ഈ വിലയിരുത്തലിനോടു കേന്ദ്രനേതൃത്വവും യോജിക്കുന്നുണ്ട്. എന്നാല്‍ എൽ ഡി എഫ് അധികാരത്തിലെതിയാല്‍ മുഖ്യമന്ത്രി പദത്തെക്കുറിച്ച് ഉണ്ടായേക്കാവുന്ന തർക്കം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണ് സ്ഥാനാർഥിപ്പട്ടികയിലെ പിണറായി പക്ഷത്തിന്റെ അമിതമായ ഇടപെടലെന്ന് ആരോപണവും ശക്തമാണ്.