പയ്യന്നൂര്‍ പ്രസംഗത്തില്‍ ജയിലില്‍ പോകാനും തയാര്‍; സ്വയം രക്ഷയ്‌ക്കുള്ള അവകാശത്തെക്കുറിച്ചാണ് സംസാരിച്ചത്, ഗീത ഗോപിനാഥിനെ നിയമിച്ചത് പാര്‍ട്ടി - വിവാദങ്ങള്‍ക്ക് മറുപടിയുമായി കോടിയേരി
വ്യാഴം, 28 ജൂലൈ 2016 (15:28 IST)
പയ്യന്നൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. താന്‍ നടത്തിയ പ്രസംഗം നിയമവിധേയമാണ്. സുരക്ഷയിലെ ആശങ്കകളെ കുറിച്ചാണ് അവിടെ സംസാരിച്ചത്.
ആക്രമിക്കാന്‍ വരുന്നവരെ തിരിച്ചാക്രമിക്കാന്‍ മാത്രമാണ് ഞാന്‍ പറഞ്ഞതെന്നും കോടിയേരി വ്യക്തമാക്കി.
പ്രസംഗം കലാപത്തിനുള്ള ആഹ്വാനമൊന്നുമല്ല. നിയമ നടപടികളെക്കുറിച്ച് ആശങ്കകള്‍ ഒന്നുമില്ല. ഈ വിഷയത്തില്‍ ജയിലില്‍ പോകാനും ഒരുക്കമാണ്. പ്രസംഗവുമായി ബന്ധപ്പെട്ട ഏതന്വേഷണത്തിനും പൊലീസുമായി സഹകരിക്കും. പയ്യന്നൂരില്‍ പ്രസംഗിച്ചത് സ്വയം രക്ഷയെക്കുറിച്ചുള്ള അവകാശത്തെക്കുറിച്ചാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്‌ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ല. ആര് എന്തു ഉപദേശം നല്‍കിയാലും എല്‍ഡിഎഫിന്റെ നയമുനുസരിച്ചേ സര്‍ക്കാര്‍ മുന്നോട്ടു പോകു. സംസ്ഥാന സെക്രട്ടറിയേറ്റെടുത്ത തീരുമാന പ്രകാരമാണ് ഈ നിയമനം. കോടതി റിപ്പോര്‍ട്ടിംഗില്‍ പൂര്‍വസ്ഥിതി പുനസ്ഥാപിക്കുമെന്നും കോടിയേരി പറഞ്ഞു.
ആക്രമിക്കാൻ വരുന്നവരോടു കണക്കു തീർക്കണമെന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണു വിവാദമായത്. രണ്ടാഴ്ച മുൻപു സിപിഎം, ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട പയ്യന്നൂരിൽ സിപിഎം നടത്തിയ ബഹുജന കൂട്ടായ്മയിലായിരുന്നു കോടിയേരിയുടെ ആഹ്വാനം.