അത് ജപിച്ചു കെട്ടിയ ഏലസോ, കമ്മ്യൂണിസ്‌റ്റ് സൂക്തങ്ങള്‍ ഉരുവിട്ട പ്രത്യേക രക്ഷയോ അല്ല; ചില മാധ്യമങ്ങള്‍ തന്നെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നു - വിവാദത്തിന് മറുപടിയുമായി കോടിയേരി
തന്നെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് താന്‍ കൈയില്‍ ഏലസ് കെട്ടിയെന്ന് കാട്ടി ഒരു സ്വകാര്യ ചാനല്‍ പരിപാടി അവതരിപ്പിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പ്രമേഹരോഗിയായ താന്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവു പരിശേധിക്കാന്‍ ഉപയോഗിക്കുന്ന ചിപ്പാണ് കൈയില്‍ കെട്ടിയിരുന്നത്. കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിട്ടറിംഗ് ഡയറിയുടെ ഭാഗമായുള്ള ചിപ്പാണ് അത്. എന്നാല്‍, ഒരു ചാനല്‍ ഈ ചിപ്പ് ഏലസാണെന്ന് തെറ്റീദ്ധരിച്ച് പരിപാടി അവതരിപ്പിക്കുകയായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റീസ് സെന്ററില്‍ ചികിത്സയിലാണ് താനിപ്പോള്‍. ഒരാഴ്‌ച മുമ്പാണ് ഈ ചിപ്പ് ശരീരത്തില്‍ ഘടിപ്പിച്ചത്. രണ്ടാഴ്‌ച കഴിയുമ്പോള്‍ ചിപ്പിലെ വിവരങ്ങള്‍ പരിശോധിച്ചാവും തുടര്‍ന്നുള്ള ചികിത്സകള്‍ നിശ്ചയിക്കുക. രക്തസമ്മര്‍ദ്ദവും പ്രമേഹവും പരിശോധിക്കാനാണ് ഈ ചിപ്പ് ഉപയോഗിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
ശരീരത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ വ്യക്തമാകുന്നതിനും പരിശോധിക്കുന്നതിനുമാണ് വിദഗ്ദരുടെ നിര്‍ദേശ പ്രകാരം ചിപ്പ് ധരിച്ചത്. എന്നാല്‍, ചില മാധ്യമങ്ങള്‍ ഏലസ് പ്രചാരണത്തിലൂടെ തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നും കോടിയേരി വ്യക്തമാക്കി.
കോടിയേരിയുടെ കൈക്കുള്ളില്‍ കാണപ്പെട്ടത് ജപിച്ചു കെട്ടിയ രക്ഷയാണെന്നും കമ്മ്യൂണിസ്‌റ്റ് സൂക്തങ്ങള്‍ ഉരുവിട്ട പ്രത്യേക രക്ഷയാണോ അതെന്ന് അറിയില്ലെന്നുമാണ് ഒരു സ്വകാര്യ ചാനല്‍ അവതരിപ്പിച്ച പരിപാടിയില്‍ പറഞ്ഞത്. തുടര്‍ന്ന് വിഷയം സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുക്കുകയും ചര്‍ച്ചകള്‍ കൊഴുക്കുകയുമായിരുന്നു. പയ്യന്നൂരിലെ പ്രസംഗത്തിന് എത്തിയപ്പോള്‍ കോടിയേരി കൈയില്‍ ഏലസ് കെട്ടിയിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.