കലാപം നടത്താന്‍ ആര് രഥയാത്ര നടത്തിയാലും അതിനെ പിടിച്ചുകെട്ടും: കോടിയേരി

Webdunia
വെള്ളി, 20 നവം‌ബര്‍ 2015 (11:24 IST)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. വെള്ളാപ്പള്ളി സംഘടിപ്പിക്കുമെന്നു പറഞ്ഞ രഥയാത്രയെ പരിഹസിച്ചു കൊണ്ടായിരുന്നു അദ്ദേഹം രംഗത്തെത്തിയത്.

കേരളത്തില്‍ വര്‍ഗീയമായി ചേരിതിരിച്ച് കലാപം നടത്താന്‍ ആര് രഥയാത്ര നടത്തിയാലും നമ്മുടെ യുവജനത അതിനെ പിടിച്ചുകെട്ടും. രഥയാത്രയ്‌ക്ക് ഒരുങ്ങുബോള്‍ വെള്ളാപ്പള്ളി അനവധി കാര്യങ്ങള്‍ക്കു ഉത്തരം നല്‍കേണ്ടതുണ്ട്. ഈ ഉത്തരങ്ങളെല്ലാം രഥയാ‌ത്രയ്‌ക്ക് ഇടയില്‍ അദ്ദേഹം നല്‍കുമോ എന്നും കോടിയേരി പരിഹാസ രൂപേണെ ചോദിച്ചു.

സ്വാമി ശാശ്വതീകാനന്ദയുടെ മരണം എങ്ങനെയായിരുന്നു, എസ്എന്‍ ട്രസ്റ്റിന്റെ സ്ഥാപനങ്ങളില്‍ എത്രപേരെ നിയമിച്ചു, ഇവരില്‍ നിന്ന് എത്ര രൂപ കൈക്കൂലി വാങ്ങി എന്നീ ചോദ്യങ്ങള്‍ക്കെല്ലാം രഥയാത്രയില്‍ വെള്ളാപ്പള്ളി നടേശന്‍ ഉത്തരം നല്‍കുമെന്നാണ് കരുതുന്നത്. രഥയാത്ര അതിന് ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.