മുത്തലാക്ക് വിഷയത്തില്‍ മുസ്ലിം സ്ത്രീകളുടെ നിലപാടിനെ പ്രോത്സാഹിപ്പിക്കണം; ഒന്നും കെട്ടും രണ്ടും കെട്ടുമെന്നൊക്കെ മുദ്രാവാക്യം വിളിച്ചവര്‍ക്ക് ഇപ്പോള്‍ അങ്ങനെ വിളിക്കാനാകുന്നില്ലെന്നും കോടിയേരി

വെള്ളി, 21 ഒക്‌ടോബര്‍ 2016 (15:31 IST)
മുത്തലാക്ക് വിഷയത്തില്‍ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ക്ക് പിന്തുണയുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ‘മതങ്ങളിലെ വ്യക്തിനിയമം’ സംബന്ധിച്ച് ഫേസ്‌ബുക്കില്‍ വ്യക്തമാക്കിയ പോസ്റ്റിലാണ് മുത്തലാഖ് വിഷയവും കൈകാര്യം ചെയ്തിരിക്കുന്നത്.
 
മുത്തലാക്ക് പ്രശ്‌നത്തില്‍ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന നിലപാടിനെ പ്രോത്സാഹിപ്പിക്കണം. ഒന്നും കെട്ടും രണ്ടും കെട്ടുമെന്നൊക്കെ മുദ്രാവാക്യം വിളിച്ച് ഇ എം എസിനെ അധിക്ഷേപിച്ച മുസ്ലിംലീഗുകാര്‍ക്ക് ഇപ്പോള്‍ അങ്ങനെ വിളിക്കാനാകുന്നില്ലെന്നതും കാണേണ്ടതാണ്. 
 
കോടിയേരി ബാലകൃഷ്‌ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
 
“ മതങ്ങളിലെ വ്യക്തിനിയമത്തില്‍ എന്ത് പരിഷ്കരണം വേണമെന്ന ചര്‍ച്ച അതത് വിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവരണം.
 
മുത്തലാക്ക് പ്രശ്നത്തില്‍ മുസ്ളിംസമുദായത്തിലെ സ്ത്രീകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന നിലപാടിനെ പ്രോത്സാഹിപ്പിക്കണം. ഒന്നും കെട്ടും രണ്ടും കെട്ടുമെന്നൊക്കെ മുദ്രാവാക്യം വിളിച്ച് ഇ എം എസിനെ അധിക്ഷേപിച്ച മുസ്ളിംലീഗുകാര്‍ക്ക് ഇപ്പോള്‍ അങ്ങനെ വിളിക്കാനാകുന്നില്ല എന്നത് കാണേണ്ടതുണ്ട്.
 
നരേന്ദ്ര മോഡി ഭരണത്തിലുണ്ടായ പുരോഗതി വര്‍ഗീയലഹളകള്‍ വര്‍ധിച്ചു എന്നത് മാത്രമാണ്. 2014ല്‍ 644 വര്‍ഗീയലഹളകള്‍ നടന്ന രാജ്യത്ത് 2015ല്‍ 757 ലഹളകൾ നടന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 95ല്‍നിന്ന് 97 ആയി ഉയർന്നു. 2016ല്‍ മരണം ഇതിലും കൂടുതലാണ്. ഇത് ഔദ്യോഗികകണക്കാണ്. വർഗീയ ലഹളകൾ നടത്തി ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന സംഘപരിവാരത്തിന് മതങ്ങളെ കുറിച്ച് മിണ്ടാനുള്ള യോഗ്യതയില്ല.”
 

വെബ്ദുനിയ വായിക്കുക