സർക്കാരിന് മീതെ പറക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല; ചൈത്ര തെരേസ ജോൺ ശ്രമിച്ചത് വിലകുറഞ്ഞ പബ്ലിസിറ്റിക്ക് - കോടിയേരി ബാലകൃഷ്ണൻ

Webdunia
തിങ്കള്‍, 28 ജനുവരി 2019 (17:57 IST)
അർദ്ധരാത്രിയില്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സർക്കാരിന് മീതെ പറക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. ഡിസിപി ചൈത്ര തെരേസ ജോൺ വില കുറഞ്ഞ പബ്ലിസിറ്റിക്കാണ് ശ്രമിച്ചത്. സ്‌ത്രീ ആയാലും പുരുഷനായാലും ഓഫീസര്‍മാര്‍ നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. നിയമവാഴ്ച നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. നിരോധിക്കപ്പെട്ട പാര്‍ട്ടിയൊന്നുമല്ല സിപിഎം എന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഓഫീസില്‍ നിന്ന് ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. വെറുതേ ഓഫീസില്‍ കയറി പ്രഹസനം നടത്തി അതിന്റെ പേരില്‍ വാര്‍ത്ത ഉണ്ടാക്കുകയാണ് ഉണ്ടായത്. പാർട്ടി ഓഫീസിൽ ഏതെങ്കിലും കേസിലെ പ്രതി ഒളിച്ചു താമസിക്കുന്നില്ല. അങ്ങനെയൊരു വിവരമുണ്ടെങ്കിൽ, ആ പ്രതിയെ പിടികൂടേണ്ട അടിയന്തര സാഹചര്യം ഉണ്ടായിരുന്നെങ്കിൽ, പരിശോധന നടത്തിയത് മനസ്സിലാക്കാമായിരുന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

പാർട്ടി ഓഫീസിൽ പൊലീസ് നടത്തിയ പരിശോധന ആസൂത്രിതമാണെന്ന് കരുതുന്നില്ല. ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് ആസൂത്രിതമായി ഇത്തരമൊരു നീക്കം നടത്താനുള്ള സാഹചര്യം ഇപ്പോൾ കേരളത്തിലില്ല. എല്ലാ ഓഫീസര്‍മാരും സര്‍ക്കാരിന് കീഴിലാണെന്നും കോടിയേരി ഓര്‍മിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article