തന്നെ ഗുരുതരാവസ്ഥയിലാക്കിയ ‘മാനസിക രോഗി’കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: സലിം കുമാര്‍
തിങ്കള്‍, 28 മാര്‍ച്ച് 2016 (08:24 IST)
താന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് വ്യാജസന്ദേശം വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടിയെടുക്കുമെന്നു നടന്‍ സലിം കുമാര്‍. കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന സലിംകുമാര്‍ ഗുരുതരാവസ്ഥയില്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നെന്നാണ് സന്ദേശം പ്രചരിച്ചത്. സലിം കുമാറിനെക്കുറിച്ചു വ്യാജപ്രചാരണം നടത്തിയവരെക്കുറിച്ചും ആശുപത്രിയിലേക്കു വിളിച്ചു ചോദിച്ചവരെക്കുറിച്ചും വിവരം ലഭിച്ചാല്‍ സലിം കുമാറിനു കൈമാറുമെന്ന് അമൃത ആശുപത്രിയും പ്രതികരിച്ചതായി വാര്‍ത്താ പോര്‍ട്ടലായ മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നു.
ദുഃഖ വെള്ളിയാഴ്ച മുതലാണ് ഈ വ്യാജ വാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്. ഇത്തരം പ്രചാരണം കണ്ടു നിരവധി പേര്‍ അമൃത ആശുപത്രിയിലേക്കു വിളിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ വരെ സോഷ്യല്‍മീഡിയയിലെ വ്യാജപ്രചാരണം ആശങ്കയിലാക്കി. മുമ്പും പലതവണ സലിം കുമാറിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
പതിവു ചെക്കപ്പിനായി കഴിഞ്ഞദിവസം സലിം കുമാര്‍ അമൃത ആശുപത്രിയില്‍ എത്തിയിരുന്നു. ഇതായിരിക്കാം വ്യാജപ്രചാരണത്തിന് കാരണമായതെന്നു കരുതുന്നു. ചില സോഷ്യല്‍മീഡിയ മാനസിക രോഗികളാണ് തനിക്കെതിരായി നടക്കുന്ന പ്രചാരണങ്ങള്‍ക്കു പിന്നിലെന്നു കരുതുന്നതായും സലിം കുമാര്‍ വ്യക്തമാക്കി. അതേസമയം, സലിംകുമാറിന്റെ ആരോഗ്യനിലയെക്കുറിച്ചു നടന്ന പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില സംബന്ധിച്ചും ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും വ്യാജവാര്‍ത്ത പരന്നിരുന്നു.