മണിയുടെ മരണം പുതിയ വഴിത്തിരിവിലേക്ക്; ഇടുക്കിയിലെ വനിതാ ഡോക്ടറുമായുള്ള ബന്ധം മണിയുടെ ബന്ധുക്കള്‍ ചോദ്യം ചെയ്തിരുന്നെന്ന് വെളിപ്പെടുത്തല്‍; ശരീരത്തില്‍ കറുപ്പിന്റെയും കഞ്ചാവിന്റെയും സാന്നിധ്യം

തിങ്കള്‍, 21 മാര്‍ച്ച് 2016 (08:54 IST)
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. നിര്‍ണായക വെളിപ്പെടുത്തലുമായി മണിയുടെ സുഹൃത്തുക്കള് രംഗത്തെത്തി‍. ഇടുക്കിയിയിലുള്ള ഒരു വനിതാ ഡോക്ടറുമായുള്ള സൗഹൃദം മണിയുടെ ബന്ധുക്കള്‍ പലപ്പോഴും ചോദ്യം ചെയ്തിരുന്നെന്നും അതിനെത്തുടര്‍ന്ന് വീട്ടുകാരുമായി മണി അകല്‍ച്ചയിലായിരുന്നെന്നും അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത രണ്ടു ബന്ധുക്കളെ സംശയിക്കുന്നതായും മരണശേഷം ഇവരുടെ പ്രവൃത്തികളില്‍ അസ്വാഭാവികത തോന്നിയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മണിയുടെ ശരീരത്തില്‍ നിന്ന് കറപ്പിന്റെയും കഞ്ചാവിന്റെയും സാന്നിധ്യവും കണ്ടെത്തി. കന്നബീസ് പരിശോധനയിലൂടെയാണ് കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയത്. കറപ്പ് വേദനസംഹാരികളിലൂടെയോ നേരിട്ടോ ശരീരത്തിലെത്തിയതാകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. മണിയെ ചികിത്സിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ മൂത്ര സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ രാസപരിശോധനയില്‍ കണ്ടെത്തിയ കീടനാശിനിയുടെ അംശം മൂത്രപരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. മാര്‍ച്ച് അഞ്ചിന് പുലര്‍ച്ചെയാണ് മണിയുടെ ശരീരത്തില്‍ വിഷാംശം കലര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് അഞ്ചിന് രാത്രി എട്ടുമണിക്കാണ് മണിയുടെ മൂത്ര സാമ്പിളുകള്‍ ആശുപത്രി അധികൃതര്‍ ശേഖരിച്ചത്. മൂത്രത്തില്‍ അസ്വാഭാവിക കാര്യങ്ങള്‍ കണ്ടെത്തിയിട്ടും ഹൈ പെര്‍ഫോമന്‍സ് ലിക്വിഡ് ക്രോമാറ്റോഗ്രാഫി പരിശോധന നടത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ആശുപത്രിയില്‍ മണി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളടക്കം പത്തോളം വസ്തുക്കള്‍ പരിശോധനയ്ക്കായി കാക്കനാട് റീജണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു.

അതേസമയം, മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തിടുക്കപ്പെട്ട് നിഗമനങ്ങളില്‍ എത്തിച്ചേരേണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. എല്ലാ സാധ്യതകളും പരിഗണിച്ചുള്ള ഒരു അന്വേഷണമാണ് രണ്ടാം ഘട്ടത്തില്‍ നടക്കുക. മരണം ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തില്‍ ഒരാഴ്ച്ചയ്ക്കകം വ്യക്തത വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സുഹൃത്തുകളുടെയും ബന്ധുക്കളുടെയും മൊഴികള്‍ വീണ്ടും ശേഖരിക്കും. മണിയുടെ സഹായികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നുവരികയാണ്.


വെബ്ദുനിയ വായിക്കുക