കൊച്ചി മെട്രോ ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയാകില്ല: ഡിഎംആര്‍സി

ശനി, 28 ഫെബ്രുവരി 2015 (15:56 IST)
കൊച്ചിമെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച സമയത്തിനുള്ളില്‍ സാധിക്കില്ലെന്ന് നിര്‍മ്മാണ ചുമതലയുള്ള ഡി‌എം‌ആര്‍സി അറിയിച്ചു. മുന്‍നിശ്ചയ പ്രകാരം 2016 ജൂണിനകം മെട്രോ പൂര്‍ത്തിയാക്കാമെന്നത് വിദൂരസ്വപ്നം മാത്രമാണെന്നാണ് ഡി‌എം‌ആര്‍സി പറയുന്നത്. എറണാകുളം ജില്ലയിലെ ക്വാറി സമരം മൂലം രണ്ടാഴ്ചയായി മെട്രോ നിര്‍മാണം മുടങ്ങിക്കിടക്കുകയാണ്. 
 
അതിനു പിന്നാലെ മെട്രോ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറുകയാണെന്ന് കരാറുകാര്‍ ഡി‌എമാര്‍സിയെ അറിയിക്കുകയും ചെയ്തു. എറണാകുളം ജില്ലയില്‍ മാത്രം ക്വാറി സമരം തുടരുന്നതിന് പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരാണെന്ന് ആരോപിച്ചാണ് കരാറുകാരുടെ പിന്‍മാറ്റം. ഇതോടെയാണ് മെട്രോ നിര്‍മ്മാണം വൈകുമെന്ന് ഡി‌എം‌ആര്‍സി വ്യക്തമാക്കിയത്.
 
കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇന്ന് അവതരിപ്പിച്ച പൊതുബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് 872.88 കോടിയുടെ കേന്ദ്ര നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മെട്രോ നിര്‍മ്മാണം വൈകുമെന്ന് അറിയിപ്പ് വരുന്നത്. നിലവില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂലം കൊച്ചിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. നിര്‍മ്മാണം ഇനിയും വൈകിയാല്‍ അത് ജനങ്ങളുടെ പ്രതിഷേധത്തിനു കാരണമാകും.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക