കനകമലയിൽ പിടിയിലായത് ഐ എസ് കേരള ഘടകം; ഞെട്ടിക്കുന്ന വിവരങ്ങ‌ൾ പുറത്ത്

തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (15:11 IST)
ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരവാദ സംഘടനയ്ക്ക് കേരളത്തിലും ശാഖ. അൻസാർ ഉൾ ഖിലാഫയെന്നാണ് കേരള ഘടകമായി പ്രവർത്തിച്ച ഐ എസ് ശാഖയുടെ പേരെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. രഹസ്യ നീക്കത്തിലൂടെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 5 പേരെ പൊലീസ് പിടികൂടിയിരുന്നു.
 
12 പേരടങ്ങുന്ന സംഘമാണ് ഇതെന്നാണ് ഐ എൻ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഇതിൽ ബാക്കിയുള്ളവർ ഇന്ത്യക്ക് പുറത്താണെന്നാണ് സൂചന. കൊച്ചിയില്‍ ജമാ അത്തെ ഇസ്‌ലാമി സമ്മേളനവേദിയിലേക്ക് ലോറി ഇടിച്ചുകയറ്റാന്‍ ശ്രമിച്ചതും ഇവരാണെന്ന് എൻ ഐ എ വ്യക്തമാക്കി. കേരള പോലീസിനുപുറമേ, ഡല്‍ഹി, തെലങ്കാന പോലീസും അന്വേഷണത്തില്‍ പങ്കാളികളായി.
 
അതേസമയം, കണ്ണൂര്‍ കനകമലയിലെ റെയ്ഡിനും അറസ്റ്റിനും പിന്നാലെ ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന നാലുപേര്‍ കൂടി തമിഴ്നാട്ടില്‍ പിടിയിലായി. കോയമ്പത്തൂർ ഉക്കടം ജിഎം കോളനിയിൽനിന്നു മൂന്നുപേരെയും തിരുനല്‍വേലിയിൽനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ ഈ കേസില്‍ പത്തുപേര്‍ അറസ്റ്റിലായി. തൊടുപുഴ സ്വദേശി സുബ്ഹാനിയാണ് തിരുനല്‍വേലിയില്‍ പിടിയിലായത്. യുഎപിഎ ഉൾപ്പെടെ എട്ടു വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ്.
 
സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യാനും ചില പ്രമുഖരെ വധിക്കാൻ പദ്ധതിയിടാൻ വേണ്ടിയുമായിരുന്നു ഇവർ കനകമലയിൽ ഒത്തുചേർന്നത്. തീവ്രവാദ ചർച്ചകൾക്കായി ടെലഗ്രാമിൽ ഉണ്ടാക്കിയ ഗ്രൂപ്പിലൂടെയാണ് എൻ ഐ എ വിവരങ്ങ‌ൾ ചോർത്തിയത്. ചാറ്റിങ് ഗ്രൂപ്പിൽ മൊത്തം 12 പേരാണ് അംഗങ്ങൾ. എല്ലാവരും മലയാളികൾ. 

വെബ്ദുനിയ വായിക്കുക