ടെക്കികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും രഹസ്യമായി ലഹരിമരുന്ന് എത്തിക്കും, ഇടപാട് വിശ്വസ്തരുമായി മാത്രം, അമൃതയെ ഉപയോഗിച്ചിരുന്നത് സംശയം തോന്നാതിരിക്കാന്‍; ലഹരിമരുന്ന് വില്‍പ്പനയില്‍ പിടിയിലായത് മൂന്നംഗ സംഘം

വ്യാഴം, 19 മെയ് 2022 (13:56 IST)
ടെക്കികള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ലഹരിമരുന്ന് നടത്തിവന്നിരുന്ന മൂന്നംഗ സംഘം കൊച്ചിയില്‍ പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി വെല്ലിയന്‍ചേരി കപ്പില്‍ വീട്ടില്‍ സനില്‍(27) തിരുവല്ല സ്വദേശി ഗുരുകൃപയില്‍ അഭിമന്യൂ സുരേഷ്(27) തിരുവനന്തപുരം മുട്ടത്തറ വള്ളക്കടവ് സ്വദേശി ശിവശക്തി വീട്ടില്‍ അമൃത(24) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലീസും ചേര്‍ന്ന് പിടികൂടിയത്.
 
പിടിയിലായ അഭിമന്യു കായികാധ്യാപകനാണ്. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 28 ഗ്രാം എം.ഡി.എം.എ.ലഹരിമരുന്ന് ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഇന്‍ഫോപാര്‍ക്കിന് സമീപത്ത് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്താണ് മൂവരും താമസിച്ചിരുന്നത്. വിശ്വസ്തര്‍ക്ക് മാത്രമാണ് കച്ചവടം നടത്തിയിരുന്നത്. പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചിരുന്നത് ബെംഗളൂരുവില്‍ നിന്നാണ്. 
 
ടെക്കികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്ന പ്രതികളെ ഏതാനുംനാളുകളായി എസ്.ഐ.രാമുചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഫോണുകളും സിംകാര്‍ഡുകളും മാറി മാറി ഉപയോഗിച്ചിരുന്ന സംഘം, പലതവണ പോലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടു. സാഹസികമായാണ് മൂവരേയും പിടികൂടിയത്. ലഹരിമരുന്ന് കൊടുക്കല്‍ വാങ്ങല്‍ പരിപാടികള്‍ക്ക് അമൃതയെയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് ഇത്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍